അഭിഭാഷകന്റെ ആത്മഹത്യ : ഇടതുപക്ഷ കർഷക സമരസമിതി ബാങ്ക് ശാഖ ഉപരോധിച്ചു

Tuesday 17 May 2022 10:12 PM IST

പുൽപ്പളളി: ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് ഇരുളത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകൻ എം.വി.ടോമിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കർഷക സമരസമിതിയുടെ നേതൃത്വത്തിൽ ബാങ്ക് ശാഖയ്ക്ക് മുന്നിൽ ഉപരോധ സമരം തുടങ്ങി. ടോമിയുടെ കടങ്ങൾ എഴുതി തള്ളുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ബാങ്ക് മാനേജരുടെ പേരിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ്സെടുക്കുക, സർഫാസി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

കേരള കർഷക സംഘം, അഖിലേന്ത്യാ കിസാൻ സഭ, കിസാൻ ജനതാദൾ, കർഷക യൂണിയൻ-എം എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
സമരം കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ എസ്.ജി.സുകുമാരൻ അദ്ധ്യക്ഷനായി. ടി.ബി.സുരേഷ്, എം.എസ്.സുരേഷ് ബാബു, പ്രകാശ് ഗഗാറിൻ, എ.ജെ.കുര്യൻ, ബെന്നി കുറുമ്പാലക്കാട്ട്, എൻ.യു.വിൽസൺ, കുര്യാക്കോസ് മുള്ളൻമട, പി.കെ.ബാബു, കെ.പി.ഗിരീഷ് എന്നിവർ സംസാരിച്ചു. സമര സമിതി കൺവീനർ വി.ജയൻ സ്വാഗതം പറഞ്ഞു.

ഉച്ചയോടെ സമര സമിതി നേതാക്കളെ പുൽപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് ബാങ്ക് ശാഖ പ്രവർത്തനം ആരംഭിച്ചത്. ചർച്ചകളിലൂടെ ഒത്തുതീർപ്പായില്ലെങ്കിൽ സമരം ഇന്നും തുടരും.
ടി.ബി.സുരേഷ്, എ.വി.ജയൻ, പ്രകാശ് ഗഗാറിൻ, കെ.പി.ഗിരീഷ്, സി.ഡി.അജീഷ്, എസ്.ജി.സുകുമാരൻ, എ.ജെ.കുര്യൻ, പി.കെ.രാജപ്പൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പു തന്നെ സമരക്കാർ ബാങ്കിന് മുമ്പിൽ എത്തിയിരുന്നു. ഉപരോധത്തെ തുടർന്ന് ബാങ്ക് തുറക്കാനായില്ല. ബാങ്ക് അധികൃതർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന സമരസമിതി ചൂണ്ടിക്കാണിച്ചു. ജനതാദൾ-എസിന്റെ നേതൃത്വത്തിലും ബാങ്കിന് മുന്നിൽ സമരം നടന്നു.

(പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിനുമുന്നിൽ സമരം നടത്തിയ കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി.ബി.സുരേഷിനെ അറസ്റ്റ് ചെയ്ത് നീക്കുന്നു)

Advertisement
Advertisement