ഇന്ത്യയിൽ 5 ജി ടെസ്റ്റ് ബെഡ് തയ്യാർ

Wednesday 18 May 2022 12:43 AM IST

ന്യൂഡൽഹി: സ്റ്റാർട്ട്അപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5 ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ ആവശ്യമായ 5ജി ടെസ്റ്റ് ബെഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡൽഹി, മദ്രാസ്, ഹൈദരാബാദ്, കാൺപൂർ ഐ.ഐ.ടികളും ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസും സമീർ, സി.ഇ. ഡബ്ളിയു.ഐ.ടി എന്നീ കമ്പനികളും ചേർന്നാണ് 220 കോടി ചെലവിൽ ഇന്ത്യയുടെ സ്വന്തം 5ജി ടെസ്റ്റ് ബെഡ് വികസിപ്പിച്ചത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി 5 ജി ടെസ്റ്റ് ബെഡ് അവതരിപ്പിച്ചത്. ട്രായി സ്‌മരണികാ തപാൽ സ്റ്റാമ്പും പുറത്തിറക്കി.

ഇന്ത്യൻ 5ജി ടെസ്റ്റ്-ബെഡ് ടെലികോം മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ 5ജി സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും. 5ജി സാങ്കേതികവിദ്യ രാജ്യത്ത് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നു. 2ജി കാലഘട്ടത്തിൽ നിന്ന് വേഗത്തിൽ 3ജിയിലേക്കും 4ജിയിലേക്കും വന്ന രാജ്യം ഇപ്പോൾ 5ജിയിലേക്കും മുന്നേറുന്നു. ഈ ദശകത്തിന് ഒടുവിൽ 6ജിയും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

.