വ്യാജഅക്കൗണ്ട്: തെളിവ് കിട്ടും വരെ ട്വിറ്രർ വാങ്ങില്ല: മസ്ക്

Wednesday 18 May 2022 12:16 AM IST

ന്യൂയോർക്ക് : ആകെ ട്വി​റ്റർ അക്കൗണ്ടുകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് സ്‌പാം, വ്യാജ അക്കൗണ്ടുകളെന്ന് പരസ്യമായി തെളിയിക്കാൻ ട്വി​റ്റർ സി.ഇ.ഒ പരാഗ് അഗ്രവാൾ വിസമ്മതിച്ചതിന് പിന്നാലെ, ഇക്കാര്യം തെളിയിക്കുന്നതുവരെ ട്വിറ്റർ ഏ​റ്റെടുക്കാനില്ലെന്ന് ടെസ്‌ല സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് വ്യക്തമാക്കി.

ട്വിറ്ററിൽ കുറഞ്ഞത് 20 ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്നും ട്വിറ്റർ അവകാശപ്പെടുന്നതിനേക്കാൾ മോശമായ കാര്യത്തിന് നിലവിൽ നിശ്ചയിച്ചിരിക്കുന്ന വില നൽകാനാവില്ലെന്നും മസ്‌ക് പറയുന്നു. എന്നാൽ, അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്നാണ് ട്വിറ്ററിന്റെ നിലപാട്.

ഏപ്രിലിലാണ് 4,400 കോടി ഡോളറിന് ട്വിറ്റർ വാങ്ങുന്നതായി മസ്ക് അറിയിച്ചത്. എന്നാൽ, മൊത്തം അക്കൗണ്ടുകളിൽ അഞ്ചു ശതമാനത്തിന് താഴെയാണ് സ്പാം, വ്യാജ അക്കൗണ്ടുകളെന്ന ട്വിറ്ററിന്റെ അവകാശവാദം വ്യക്തമാകുന്നതുവരെ ഇടപാട് താത്കാലികമായി നിറുത്തിവയ്ക്കുന്നതായി മസ്‌ക് കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

Advertisement
Advertisement