അരലക്ഷം രൂപ ശമ്പളത്തിൽ വിദേശ ജോലി വാഗ്ദ്ധാനം; വ്യാജ വിസയും ടിക്കറ്റും നൽകി വൻ തട്ടിപ്പ്

Wednesday 18 May 2022 10:55 AM IST

തൃശൂർ: എതോപ്യയിൽ പെയിന്റിംഗ് പണി വാഗ്ദ്ധാനം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളിൽ നിന്നും പണം തട്ടിയതായി പരാതി. 75,000 രൂപ വീതമാണ് ഓരോരുത്തരിൽ നിന്നും തട്ടിയത്. കബളിപ്പിക്കപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കൾ തൃശൂരിൽ സംഘടിച്ചെത്തി പൊലീസിന് പരാതി നൽകുകയായിരുന്നു.

പ്രതിമാസം അരലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ലിങ്ക് എന്ന കമ്പനിയാണ് കബളിപ്പിച്ചതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ഇവർ നൽകിയ വ്യാജ വിമാന ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു തട്ടിപ്പിനിരയായതായി മനസിലാക്കുന്നത്.

ഓൺലൈൻ പരസ്യം കണ്ട് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകുകയായിരുന്നു. 75,000 രൂപയായിരുന്നു ജോലിക്കായി ആവശ്യപ്പെട്ടത്. എഗ്രിമെന്റും വിസയും തട്ടിപ്പ് സംഘം ആദ്യം അയച്ചുനൽകി. പിന്നാലെ യുവാക്കളിൽ നിന്നും 50,000 രൂപ വാങ്ങി. തുടർന്ന് വിമാനടിക്കറ്റ് വന്നതിനുശേഷം ഇവർ ബാക്കി 25,000 രൂപയും തട്ടിപ്പ് സംഘത്തിന് നൽകുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം യുവാക്കൾ അറിയുന്നത്.