കാട്ടുതീക്ക് മുന്നിൽ കൂളായി നടന്ന് യുവതി; ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെ; വീഡിയോ

Wednesday 18 May 2022 1:12 PM IST

സോഷ്യൽ മീഡിയയിൽ എങ്ങനെയും ശ്രദ്ധ നേടാൻ വേണ്ടി പലതരം പരീക്ഷണങ്ങളും നടത്താൻ ചിലർ തയ്യാറാണ്. ചിലതെല്ലാം ശ്രദ്ധിക്കപ്പെടുമെങ്കിൽ മറ്റു ചിലതിന് നല്ല വിമർശനങ്ങളാകും ആളുകളിൽ നിന്നും കിട്ടുന്നത്.

പാകിസ്ഥാനിലെ ടിക്‌ടോക് താരമായ ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 11 മില്യൺ ഫോളേവേഴ്സുള്ള താരമായ ഹുമൈറ അസ്‌ഗറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുന്നിൻ ചെരിവിലൂടെ വെളുത്ത ഗൗൺ അണിഞ്ഞ് സ്റ്റൈലായി നടന്നു വരികയാണ് അവർ. പുറകിൽ കാട്ടുതീ പടർന്നു പിടിക്കുന്നുണ്ട്. ഞാൻ എവിടയൊക്കെ പോകുന്നുവോ അവിടെയെല്ലാം തീ പടരും എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്‌ക്കെതിരെ പലഭാഗത്ത് നിന്നും എതിർപ്പ് ഉയരുകയാണ്. സർക്കാരും പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വലിയൊരു ദുരന്തം സംഭവിക്കുമ്പോൾ അതിന് മുന്നിൽ പോയി നിന്ന് ഇത്തരം വീഡിയോകൾ ചിത്രീകരിച്ചത് ശരിയായില്ല എന്നുതന്നെയാണ് പലരുടെയും അഭിപ്രായം. നിലവിൽ 51 ഡിഗ്രി സെൽഷ്യസ് ചൂടാണ് പാകിസ്ഥാനിൽ അനുഭവപ്പെടുന്നത്. പല ഭാഗങ്ങളിലും കാട്ടുതീ നിയന്ത്രണാതീതമാകുന്നുമുണ്ട്.