തൃക്കാക്കരയിൽ സ്ഥാനാർത്ഥികളേക്കാൾ ടെൻഷൻ സൈബർപോരാളികൾക്ക്, ഊണും ഉറക്കവും കളഞ്ഞ് പ്രവർത്തിക്കുന്ന യുവാക്കളുടെ പ്രവർത്തനരീതി കൗതുകകരമാണ്
കൊച്ചി: കോൺഗ്രസ് തൊടുത്തുവിട്ടത് കുളിമാട് പാലത്തിന്റെ വീഴ്ച. സി.പി.എം പരിചയായി വച്ചത് പാലാരിവട്ടം പാലം ! മുഖ്യമന്ത്രി പിണറായി വിജയന്റെ അവസര പ്രയോഗം കോൺഗ്രസ് പ്രചാരണ ആയുധമാക്കിയപ്പോൾ വി.ഡി സതീശന്റെ പ്രസംഗത്തിന്റെ മുറിവീഡിയോയിട്ട് ഇടതുമുന്നണി തിരിച്ചടിച്ചു. ഒടുവിൽ കെ-റെയിൽ കല്ലിടൽ നിർത്തിയതുവരെ നീളുന്നു സോഷ്യൽ മീഡിയയിലെ തൃക്കാക്കര പിടിക്കാനുള്ള ആരോപണ പ്രത്യാരോപണങ്ങൾ. തൃക്കാക്കരയങ്കം ജയിക്കാൻ ഊണും ഉറക്കവും കളഞ്ഞാണ് മുന്നണികളുടെ വാർ റൂമിൽ സൈബർ യോദ്ധാക്കളുടെ പ്രവർത്തനം. ചെറുപ്പക്കാരാണ് പടനയിക്കുന്നത്. ആരോപണങ്ങൾക്ക് അപ്പപ്പോൾ മറുപടി, ചൂടേറിയ വിഷങ്ങൾക്ക് കാതലായ മറുപടി, കിടിലൻ ട്രോളുകൾ, തീർന്നില്ല മഴമുന്നറിയിപ്പ് വരെ ആയുധങ്ങളാണ്. ഫേസ്ബുക്കാണ് പ്രധാന തട്ടകം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി എല്ലാ സമൂഹമാദ്ധ്യമങ്ങളിലും മൂന്നു മുന്നണികളും സജീവം.
ജനഹൃദയം കീഴടക്കാൻ
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജിനാണ് ഇടതുമുന്നണിയുടെ പ്രചാരണ ചുമതല. 12ലധികം പേരുണ്ട് ഓൺലൈൻ യോദ്ധാക്കളായി. സി.പി.എം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മറ്റിയുടെയും പേജുകളും സജീവമാണ്. മറ്റ് ഘടകകക്ഷികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും തൃക്കാക്കര ഇടതിനൊപ്പം ചേർക്കാൻ രംഗത്തുണ്ട്. കെ-റെയിൽ, കെ-ഫോൺ, ലൈഫ് ഭവനപദ്ധതി മുതൽ പിണറായി സർക്കാരിന്റെ ജനകീയ പദ്ധതികൾ പ്രചരിപ്പിക്കുന്നതിനൊപ്പം പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കലുമാണ് ഡ്യൂട്ടി.
കൈവിടാതെ കാക്കാൻ
പി.ടി തോമസിന്റെ നിലപാടുകളെ ഉയർത്തിയാണ് യു.ഡി.എഫ് വാർറൂം പ്രവർത്തനം. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ എല്ലാ സമൂഹമാദ്ധ്യമങ്ങളിലും എത്തിച്ചാണ് വോട്ടുപിടിത്തം. യൂത്ത് കോൺഗ്രസ് സൈബർ വിദഗ്ദ്ധരാണ് 24മണിക്കൂറും രംഗത്ത്. തിരിഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് പുറമേ, ജില്ലാ സൈബർ ടീമുകളും തൃക്കാക്കര കൈവിടാതെ കാക്കാൻ ഒപ്പമുണ്ട്. സ്ഥാനാർത്ഥി ഉമ തോമസിന്റെ പേരിലും കോൺഗ്രസ് സൈബർ വിങ്ങുകളും തത്സമയ പ്രചാരണം സജ്ജമാക്കിയാണ് മുന്നോട്ട് പോകുന്നത്.
അട്ടിമറിക്ക് കോപ്പുകൂട്ടി
അട്ടിമറിയാണ് എൻ.ഡി.എ ലക്ഷ്യം. ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ നടപടികളും കേന്ദ്രസർക്കാരിനെതിരെയുള്ള ആരോപണങ്ങളെ തിരിച്ചടിച്ചുമാണ് പ്രവർത്തനം. കെ-റെയിലും പ്രധാന പ്രചാരണ വിഷയമാണ്. എ.എൻ. രാധാകൃഷ്ണന്റെയുൾപ്പെടെ എല്ലാ ബി.ജെ.പി നേതാക്കളുടെയും ഫേസ്ബുക്ക് പേജുകൾ ലൈവാണ്.
എല്ലാ മുന്നണികളുടെയും സൈബർ ടീം രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാണ്.
ജോർജ് ഇടപ്പരത്തി
എൽ.ഡി.എഫ് കൺവീനർ
എറണാകുളം
കോൺഗ്രസിന്റെ എല്ലാ സൈബർ വിങ്ങുകളും രംഗത്തുണ്ട്. സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം യു.ഡി.എഫിന് അനുകൂലമാക്കും.
മുഹമ്മദ് ഷിയാസ്
ഡി.സി.സി പ്രസിഡന്റ്
എറണാകുളം