സേലത്ത് ബസുകൾ കൂട്ടിയിടിക്കുന്ന ഭീകരദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽ പരിക്കേറ്റത് മുപ്പതോളം പേർക്ക്, രണ്ട് പേരുടെ നില ഗുരുതരം

Wednesday 18 May 2022 4:24 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് രണ്ട് ബസുകൾ കൂട്ടിമുട്ടുന്ന ഭീകര ദൃശ്യം ക്യാമറയിൽ പതിഞ്ഞു. ഒരു ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ മുപ്പത് യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് എടപ്പാടിയിൽ നിന്നുമെത്തിയ സ്വകാര്യ ബസും തിരുച്ചെംഗോട് നിന്നും വരികയായിരുന്ന ബസും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്.

എതിർദിശയിൽ നിന്നും വരുന്ന ബസ് കണ്ട് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും യാത്രക്കാരും ഡ്രൈവറും മുന്നിലേക്ക് ഇടിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ സേലത്തെയും എടപ്പാടിയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.