ഡൽഹി ലഫ്റ്റ്‌നെന്റ് ഗവർണർ അനിൽ  ബൈജാൽ രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

Wednesday 18 May 2022 5:57 PM IST

ന്യൂഡൽഹി: ഡൽഹിയുടെ 21ാമത് ലഫ്റ്റ്‌നെന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. രാജിയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളെന്നാണ് വിശദീകരണം. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

അഞ്ചുവർഷത്തിലധികം ഗവർണർ പദവിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഡൽഹി സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല അനിൽ ബൈജാൽ. സർക്കാരുമായി പല തവണ അഭിപ്രായ ഭിന്നതകൾ ഉണ്ടാവുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഡൽഹി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെയും ബൈജാൽ രൂക്ഷമായി വിമർശിച്ചിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബൈജാൽ കേന്ദ്ര കേഡറിൽ നിന്നും വിരമിച്ച ശേഷം 2016 ഡിസംബർ 31നാണ് ഗവർണർ പദവിയിൽ ചുമതലയേറ്റത്. അരുണാചൽ പ്രദേശ്-ഗോവ-മിസോറാം-കേന്ദ്ര ഭരണ പ്രദേശം കേഡറിൽ നിന്നുള്ള 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബൈജാൽ 2006ൽ നഗരവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായാണ് സർവീസിൽ നിന്നും വിരമിച്ചത്. പിന്നാലെ മൻമോഹൻ സിംഗ് സർക്കാർ ആരംഭിച്ച 60,000 കോടി രൂപയുടെ ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ മേൽനോട്ട ചുമതല വഹിച്ചു.

അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്ത് ജയിൽ മാന്വലിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് കിരൺ ബേദിയെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് ഏറെ വിവാദമായിരുന്നു.

ഡൽഹി വികസന അതോറിറ്റിയുടെ ചെയർമാൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, വാർത്ത വിനിമയ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, ഇന്ത്യൻ എയർലൈൻസിന്റെ എംഡി, പ്രസാർ ഭാരതി സി ഇ ഒ, ഗോവ വികസന കമ്മീഷണർ, നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗൺസിലർ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിഡി ഭാരതിക്ക് തുടക്കമിട്ടതും അനിൽ ബൈജാലാണ്.