ഉദയ്‌പൂർ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ താഴെത്തട്ടിലും ശിബിരം

Thursday 19 May 2022 12:21 AM IST

ന്യൂഡൽഹി: ഉദയ്‌പൂർ നവ് സങ്കൽപ് ചിന്തൻ ശിബിരിൽ കൈക്കൊണ്ട തീരുമാനങ്ങൾ താഴെത്തട്ടിലെത്തിക്കാൻ ജൂൺ ഒന്നിനും രണ്ടിനും സംസ്ഥാന തലത്തിൽ ശിബിരങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായി ജൂൺ 11ന് ഡി.സി.സികളിൽ ഏകദിന ശിബിരവും സംഘടിപ്പിക്കുമെന്ന് പാർട്ടി വക്താവ് രൺദീപ് സുർജെവാല അറിയിച്ചു.

സംസ്ഥാന ശിബിരങ്ങളിൽ എംപിമാർ, എം.എൽ.എമാർ, എം.എൽ.എ സ്ഥാനാർത്ഥികൾ, ഡി.സി. സി അദ്ധ്യക്ഷൻമാർ, പി.സി.സി ഭാരവാഹികൾ, പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. ആഗസ്റ്റ് 9 മുതൽ 15വരെ ജില്ലാ തലത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി ഗൗരവ് യാത്രയും സംഘടിപ്പിക്കും. ആഗസ്റ്റ് 15ന് പി.സി.സികളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗോജ്ജല സ്‌മരണ പുതുക്കുന്ന ചടങ്ങുകളും സംഘടിപ്പിക്കും. ഇതിനു പുറമെ യൂത്ത് കോൺഗ്രസും എൻ.എസ്.യു.ഐയും ചേർന്ന് 'തൊഴിൽ തരൂ" യാത്രയും നടത്തും.