പാളം പണിയുടെ പേരിൽ പരശുറാമിന് ലോക്ക് മലബാറിൽ യാത്രാ ദുരിതം

Thursday 19 May 2022 12:14 AM IST

കണ്ണൂർ: പാളം പണിയുടെ പേരിൽ പരശുറാം എക്സ്പ്രസ് ഒരാഴ്ച നിർത്തിയിടാനുള്ള തീരുമാനം കണ്ണൂർ, കാസർകോട് ജില്ലകളിലെ യാത്രക്കാരെ ദുരിതത്തിലാക്കും. സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ഏക ആശ്രയമാണ് മംഗലാപുരം - നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്. പാളം പണിയുടെ പേരിൽ 20 മുതൽ 28 വരെ സർവീസ് പൂർണ്ണമായും നിർത്തി വയ്ക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്.

ഏറെ സൗകര്യപ്രദമായ സമയത്തായതിനാൽ വിവിധ വിഭാഗം ജനങ്ങൾ പകൽയാത്രയ്ക്കായ് തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ട്രെയിനാണ് പരശുറാം എക്‌സ്പ്രസ്. ഏറ്റുമാനൂർ, ചിങ്ങവനം സ്റ്റേഷനുകൾക്കിടയിൽ നടക്കുന്ന പാളം പണിയുടെ പേരിലാണ് ട്രെയിൻ യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പരശുറാം എക്‌സ്പ്രസിന്റെ ഓട്ടം പൂർണ്ണമായും നിർത്തിവയ്ക്കുന്നത്. ഇത് ട്രെയിൻ യാത്രക്കാരോട് ചെയ്യുന്ന അനീതിയാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം മറ്റു ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്‌മെന്റുകൾ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് തന്നെ പൂർണ്ണമായും സർവീസ് നിർത്തുന്നതിനു പകരം മംഗലാപുരം - എറണാകുളം സ്റ്റേഷനുകൾക്കിടയിലെങ്കിലും സർവ്വീസ് നടത്തിയാൽ യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരമാകും.
പരശുറാമിന് പുറമെ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ജനശതാബ്ദിയും 21 മുതൽ 28 വരെയുള്ള തീയ്യതികളിൽ സർവീസ് നടത്തില്ല. അതോടൊപ്പം കോഴിക്കോട് വെസ്റ്റ് ഹില്ലിൽ പണി നടക്കുന്നതിനാൽ ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും 17, 19, 20 തീയതികളിൽ സർവീസ് നടത്തില്ല. ഇതോടെ രാവിലെയുള്ള ട്രെയിൻ യാത്രയെ ആശ്രയിക്കുന്ന വടക്കേ മലബാറിലെ ജനങ്ങൾ പൂർണ്ണമായും ദുരിതത്തിലാവും.

ഡോ. വി. ശിവദാസൻ എം.പി

നിവേദനം നൽകി

വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ട്രെയിൻ യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പൂർണ്ണമായും നിർത്തി വയ്ക്കാതെ പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല സമീപനം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു സതേൺ റെയിൽവേ ജനറൽ മാനേജർക്ക് ഡോ. വി. ശിവദാസൻ എം.പി കത്ത് നൽകി.

Advertisement
Advertisement