ഇരുപത്തിയാറുകാരിയുടെ ബാങ്ക് അക്കൗണ്ടിൽ 2.5 കോടി, തട്ടിപ്പിന്റ പുത്തൻ 'വിദ്യ'കളെ കുറിച്ച് അന്വേഷണം നടത്താൻ പൊലീസ്
പുനലൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കിളിമാനൂർ സ്വദേശിനിയായ വിദ്യയെ (26) കൂടുതൽ അന്വേഷണങ്ങൾക്കായി പുനലൂർ പൊലിസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കരവാളൂരിന് പുറമേ, തിരുവനന്തപുരം, പരവൂർ അടക്കമുളള പ്രദേശങ്ങളിൽ ഇന്ന് തെളിവെടുപ്പിനായി കൊണ്ടു പോകും.
പുനലൂർ കരവാളൂർ സ്വദേശി മുരളീധരൻ നായരുടെ മകന് റെയിൽവേയിൽ ജോലി നൽകാമെന്നു പറഞ്ഞു 14.5 ലക്ഷം രൂപ വിദ്യ തട്ടിയെടുത്തതായി പുനലൂർ പൊലിസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ആഴ്ച കൊട്ടിയത്ത് നിന്നും ഇവരെ പിടി കൂടിയത്. പിന്നാലെ കൂട്ടാളികളായ തിരുവനന്തപുരം പെരിങ്ങമല സ്വദേശികളായ രോഹിത് (29) ,രാഹുൽ(30) എന്നിവരെയും അറസ്റ്റ് ചെയ്തു.
വിദ്യയുടെ ബാങ്ക് അക്കൗണ്ടിൽ 2.5കോടി രൂപ നിക്ഷേപിച്ചിരിക്കുന്നതായി പൊലിസ് കണ്ടെത്തി. ഇതാണ് കൂടുതൽ അന്വേഷണം നടത്താൻ കാരണം. തട്ടിപ്പിൽ റിട്ട.റെയിൽവേ ജീവനക്കാർ അടക്കം കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലിസ് കരുതുന്നത്.