തൃശൂർ ഇനി ആഗോളവിജ്ഞാന നഗരം

Thursday 19 May 2022 12:00 AM IST

  • യുനെസ്‌കോ അംഗീകാരം

തൃശൂർ: വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാൻ ലോകത്തിലെ 20 നഗരങ്ങളിലൊന്നും ഏഷ്യയിലെ ഏക നഗരവുമായി തൃശൂർ. യുനെസ്‌കോയുടെ ആഗോളവിജ്ഞാന നഗരത്തിൽ ഇടംപിടിച്ചതിന്റെ ഔദ്യോഗിക പ്രഖ്യപനം സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ന്യൂയോർക്ക് ആസ്ഥാന മായ ഗ്ലോബൽ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ്(ജി.ഡി.സി.എ.) എന്ന അന്താരാഷ്ട്ര പ്രസ്ഥാനം ലോകത്താകെയുള്ള 20 നഗരങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിലേക്ക് ഏഷ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകനഗരമാണ് തൃശൂർ. സ്ട്രീറ്റ്‌സ് ഫൊർ കിഡ്‌സ് ലീഡർഷിപ്പ് ആക്‌സിലറേറ്റർ എന്ന പേരിലുള്ള പദ്ധതി തൃശൂർ കോർപ്പറേഷനും കിലയും തൃശൂർ എൻജിനിയറിംഗ് കോളേജിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗും ചേർന്നാണ് നടപ്പാക്കുക.

ഈ മാസം 25ന് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും. പദ്ധതരേഖയുടെ മികവു കണക്കാക്കി അന്താരാഷ്ട്ര സഹായധനവും ലഭിക്കും. ആഗോളതലത്തിൽ ലഭിച്ച 90 അപേക്ഷകളിൽ നിന്നാണ് തൃശൂർ ഉൾപ്പെടെയുള്ള 20 നഗരങ്ങളെ തിരഞ്ഞെടുത്തത്.

ആഗോളഭൂപടത്തിൽ തൃശൂർ ഇടംപിടിച്ചതിൽ അഭിമാനിക്കുന്നു.

- മേയർ എം.കെ. വർഗീസ്

മികവിൽ തൃശൂർ

പഠന നഗരമെന്ന നിലയിൽ തൃശൂർ നഗരത്തെ വികസിപ്പിച്ചെടുക്കുകയും നഗരത്തിലെ പൊതുഇടങ്ങൾ കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവും ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കുന്ന ആഗോള പദ്ധതിയലേക്കാണ് തൃശൂരിനെ തിരഞ്ഞെടുത്തത്.

Advertisement
Advertisement