ആധുനിക അറവുശാല ഒച്ചിഴയും വേഗത്തിൽ

Thursday 19 May 2022 2:29 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ അറവുശാല നിർമ്മിക്കുന്നതിനുള്ള നഗരസഭയുടെ പദ്ധതി അനിശ്ചിതത്വത്തിൽ. നിലവിലുള്ള കെട്ടിടം നിലനിറുത്തി പുതിയ അറവുശാല കുന്നുകുഴിയിൽ ഒരുക്കുകയായിരുന്നു ലക്ഷ്യം. ജില്ലയിലെ ആദ്യ ആധുനിക അറവുശാല എന്ന നിലയിലാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഇതിന്റെ നടത്തിപ്പ് ചുമതലയുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (കെൽ) സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കാത്തത് തിരിച്ചടിയായി.

പദ്ധതി ഇഴച്ച് കെൽ
2021ൽ പദ്ധതി പൂർത്തിയാക്കി നഗരസഭയ്‌ക്ക് കൈമാറാനായിരുന്നു കെല്ലിന് നിർദേശം നൽകിയത്. എന്നാൽ സമയപരിധി 2022 മാർച്ച് വരെ നീട്ടിയിട്ടും പണി പൂർത്തിയാക്കാൻ സാധിച്ചില്ല. അനധികൃത അറവുശാലകൾ പലതരം പ്രശ്‌നങ്ങൾക്കിടയാക്കുന്നതിനാൽ പദ്ധതി പൂർത്തീകരണത്തിൽ നഗരസഭയ്‌ക്കുമേൽ വലിയ സമ്മർദ്ദവുമുണ്ട്. അറവുശാലയിലെ മാലിന്യങ്ങൾ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും തള്ളുന്നത് ഗുരുതരമായ മാലിന്യപ്രശ്‌നം ഉയർത്തുന്നുണ്ട്. വിമാനത്താവള അധികൃതരടക്കം പക്ഷിശല്യം രൂക്ഷമാകുന്നതിൽ പരാതി ഉന്നയിച്ചിരിക്കുകയാണ്. ആധുനിക അറവുശാല പ്രവർത്തനക്ഷമമാകുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കുഞ്ചാലുംമൂട്, വള്ളക്കടവ്, ബീമാപ്പള്ളി, പുന്തുറ, വലിയതുറ, അട്ടക്കുളങ്ങര, വെള്ളായണി, കരമന ഭാഗങ്ങളിലാണ് അനധികൃത കശാപ്പ് കൂടുന്നത്.

നഗരസഭയുടെ അഭിമാന പദ്ധതി


11.23 കോടി രൂപയാണ് പദ്ധതിച്ചെലവ്. 9.22 കോടിയുടെ സാങ്കേതിക അനുമതി ശുചിത്വ മിഷൻ പദ്ധതിക്ക് നൽകിയിട്ടുണ്ട്. അറവുശാല കെട്ടിടം പണിതെങ്കിലും 6.5 കോടി രൂപയുടെ യന്ത്രസാമഗ്രികൾ ഇനിയും വാങ്ങേണ്ടതുണ്ട്. നിർമ്മാണം ഇഴയുന്നതുമായി ബന്ധപ്പെട്ട് കെല്ലിനെ ചർച്ചയ്‌ക്ക് വിളിച്ചതായി നഗരസഭാ അധികൃതർ പറയുന്നു. ആധുനിക അറവുശാലയിൽ ഫ്രഷ് മാംസം വിൽക്കുന്ന ഒരു ഔട്ട്‌ലെറ്റും കശാപ്പ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് അവയെ സൗന്ദര്യവർദ്ധക, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ആക്കി മാറ്റാൻ സഹായിക്കുന്ന റെൻഡറിംഗ് പ്ലാന്റും ഉണ്ടായിരിക്കും. അറവുശാലയ്‌ക്ക് മുന്നിൽ ഒരു പൂന്തോട്ടവും മാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്. ഇതിനായി ടെൻഡറും നൽകി.

പുരോഗതി തൃപ്‌തികരമല്ല

കെൽ ഒന്നിലധികം തവണ സമയപരിധികൾ ലംഘിച്ചതായും നിർമ്മാണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതായും കോർപ്പറേഷന് കീഴിലുള്ള എൻജിനീയറിംഗ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മേയ് മാസത്തിൽ തന്നെ അറവുശാലയുടെ പണി പൂർത്തിയാക്കണമെന്ന് നഗരസഭ കെല്ലിന് നോട്ടീസ് നൽകിയെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് പണി നടക്കുന്നതെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

Advertisement
Advertisement