കേദ‌ർനാഥ് ക്ഷേത്രത്തിൽ പൂജാരിയെക്കൊണ്ട് നായയ്ക്ക് തിലകം ചാർത്തിച്ച് വ്ളോഗർ; വ്യാപക വിമർശനം, വീഡിയോ പകർത്താനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നീക്കം

Thursday 19 May 2022 11:15 AM IST

ഡെഹ്‌റാഡൂൺ: ചാർധം ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവിടങ്ങളിൽ യൂട്യൂബർ‌മാർക്കും വ്ളോഗർമാർക്കുമെതിരെ നടപടി സ്വീകരിക്കാൻ ബദ്രിനാഥ്- കേദർനാഥ് ക്ഷേത്ര കമ്മിറ്റി ആലോചിക്കുന്നു. കേദർനാഥ് ക്ഷേത്രത്തിൽ ഹസ്‌കി ഇനത്തിൽപ്പെട്ട നായയുമായി എത്തിയ വ്ളോഗറുടെ വീഡിയോയിൽ കനത്ത വിമർശനമുയർന്നതിന് പിന്നാലെയാണ് നടപടി.

ക്ഷേത്രത്തിൽ നായയുമായി എത്തിയ വ്ളോഗർ അതിനെക്കൊണ്ട് നന്ദി പ്രതിമയുടെ മുന്നിൽ കാലുകൊണ്ട് തൊടുവിക്കുന്നതും പൂജാരിയെക്കൊണ്ട് തിലകം തൊടുവിക്കുന്നതും ഭക്തിഗാനത്തിന്റെ അകമ്പടിയോടെ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ നായയുമായി വ്ളോഗർ ക്ഷേത്രത്തിന് അകത്തേക്ക് പോകുന്നതും വീഡിയോയിലുണ്ട്. ഇത്തരത്തിൽ വീ‌ഡിയോ പകർത്താനെത്തുന്നവർക്കെതിരെ വ്യാപക പരാതികൾ ഉയരുന്നതായി ബദ്രിനാഥ്- കേദർനാഥ് ക്ഷേത്ര കമ്മിറ്റി പ്രതിനിധി പറഞ്ഞു. ഇത്തരക്കാർ ഭക്തിയുടെ പേരിലല്ല മറിച്ച് വീഡിയോകളും റീൽസുകളും നിർമിക്കുന്നതിന് വേണ്ടി മാത്രമാണ് ക്ഷേത്രത്തിൽ എത്തുന്നതെന്നും പ്രതിനിധി വ്യക്തമാക്കി.

ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം പ്രതിഷേധാർഹവും ക്ഷേത്രത്തിന്റെ പവിത്രത തകർക്കുന്നതുമാണെന്ന് ബദ്രിനാഥ്- കേദർനാഥ് ക്ഷേത്ര കമ്മിറ്റി അദ്ധ്യക്ഷൻ അജേന്ദ്ര അജയ് പറഞ്ഞു. വീ‌‌‌ഡിയോയിൽ കാണുന്ന യുവാവിനെ കണ്ടെത്താനും കർശന നടപടി സ്വീകരിക്കുന്നതിനും രുദ്രപ്രയാഗ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകി. ആരാധനാലയങ്ങളെ വിനോദ സഞ്ചാരകേന്ദ്രങ്ങളായി മാറ്റുന്ന പ്രവണതയ്ക്കെതിരെ ക‌ർശന നടപടി സ്വീകരിക്കണമെന്ന് പുരോഹിത സമൂഹം ആവശ്യപ്പെട്ടു. ബദ്രിനാഥ്- കേദർനാഥ് ക്ഷേത്ര കമ്മിറ്റിക്ക് കീഴിൽ വരുന്ന 46 ക്ഷേത്രങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നതായും അദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിനായി എത്തുന്ന യൂട്യൂബേഴ്സും വ്ളോഗർമാരും സുരക്ഷാ ക്രമീകരങ്ങളിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നെന്ന് സുരക്ഷാ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെക്കിംഗിനിടെ പാതിവഴിയിൽ നിന്ന് ഇത്തരക്കാർ റീൽസുകൾ നിർമിക്കുന്നുവെന്നും ഇത് ബാക്കി തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.