പെരുമ്പാമ്പിനെപ്പോലെ കെ എസ് ആർ ടി സിയെ സ്വിഫ്റ്റ് വിഴുങ്ങുമോ? തൊട്ടതിനും പിടിച്ചതിനും സമരം ചെയ്തിരുന്ന യൂണിയനുകൾ ചെറുവിരൽ പോലും അനക്കാനാവാത്ത അവസ്ഥയിൽ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ നടപ്പാക്കിയ പദ്ധതിയാണ് കെ സ്വിഫ്റ്റ്. പക്ഷേ, കെ എസ് ആർ ടി സിയെ സമീപഭാവിയിൽ തന്നെ സ്വിഫ്റ്റ് പൂർണമായും വിഴുങ്ങും. ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 700 സി എന്‍ ജി ബസുകള്‍ വാങ്ങാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇക്കാര്യം ഉറപ്പിക്കുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യതയിലുള്ള കെ എസ് ആര്‍ ടി സിക്ക് നേരിട്ട് വായ്പ നല്‍കാന്‍ കഴിയാത്തതിനാലാണ് സ്വിഫ്റ്റിനെ പരിഗണിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
കെ സ്വിഫ്റ്റിന് വേണ്ടിയാണ് ബസുകൾ വാങ്ങുന്നത്. നിലവില്‍ കെ എസ് ആര്‍ ടി സി നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പകരമായാണ് ഈ ബസുകൾ ഉപയോഗിക്കുന്നത്. ഇതോടെ ഈ സർവീസുകൾ എന്നെന്നേക്കുമായി കെ എസ് ആർ ടി സിക്ക് നഷ്ടമാകും. അതുമാത്രമല്ല ഈ സർവീസുകളിൽ ജോലിനോക്കിയിരുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും എന്തുചെയ്യുമെന്ന ചോദ്യവും പ്രസക്തമാണ്. ഇക്കാര്യത്തെക്കുറിച്ചൊന്നും അധികൃതർ വ്യക്തമാക്കുന്നില്ല. നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സി എൻ ജി ബസുകൾ വാങ്ങുന്നതെന്ന് ഗതാഗതവകുപ്പ് പറയുന്നത്. പുതിയ ബസുകളെത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധനച്ചെലവും കുറയുമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്.
എങ്ങനെ നിറയ്ക്കും സി എൻ ജി
കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാകുന്ന 455 കോടി രൂപ ഉപയോഗിച്ചാണ് സി എൻ ജി ബസുകൾ വാങ്ങുന്നത്. ഈ തീരുമാനം ആന മണ്ടത്തരമാകുമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഏതാനും പ്രധാന നഗരങ്ങളിലൊഴികെ സി.എൻ.ജി നിറയ്ക്കാനുള്ള ഫില്ലിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടില്ല. വളരെ പെട്ടെന്നുതന്നെ ഇത് ഒരുക്കാനും സാധിക്കില്ല. ഫില്ലിംഗ് സംവിധാനമില്ലെങ്കിൽ ബസുകൾ വെറുതെയിടേണ്ടി വരും. മാത്രമല്ല സി എൻ ജിയുടെ വില അടിക്കടി വർദ്ധിക്കുകയാണ്. പെട്രോൾ വില സഹിക്ക വയ്യാതെ സി.എൻ.ജിയിലേക്ക് മാറിയ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. സിഎന്‍ജി വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതിനാല്‍ ഇത്തരം ബസുകള്‍ ഭാവിയില്‍ ലാഭകരമാകില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്.
ഓർഡിനറി മാത്രം
കൂടുതൽ സർവീസുകൾ സിഫ്റ്റിലേക്ക് മാറുന്നതോടെ കെ എസ് ആർ ടി സിക്ക് ഓർഡിനറി സർവീസുകൾ മാത്രമാവും മിച്ചമുണ്ടാവുക. കൂടുതൽ ഓർഡിനറി ബസുകൾ ഓടിച്ച് അവയിലേക്ക് ജീവനക്കാരെ പുനക്രമീകരിക്കും എന്നാണ് കെ എസ് ആർ ടി സി പറയുന്നത്. ഇത് പ്രാവർത്തികമല്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്. വളരെ കുറച്ച് ഓർഡിനറി സർവീസുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർഡിനറി സർവീസുകളിൽ ഒട്ടുമുക്കാലും പിൻവലിച്ചത്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം സർവീസ് നടത്തിയിരുന്നവയും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. ഇവയിൽ ഡീസൽ കാശിനുപോലും ടിക്കറ്റ് വിറ്റിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. അങ്ങനെയുള്ള സർവീസുകൾ വീണ്ടും ആരംഭിക്കുന്നതുകൊണ്ട് സ്ഥാപനം കൂടുതൽ കുഴപ്പത്തിലാവുകയല്ലേ ചെയ്യുന്നത് എന്നും അവർ ചോദിക്കുന്നു. കാര്യങ്ങൾ
എല്ലാം അറിയാമെങ്കിലും അധികൃതരുടെ നീക്കത്തിനെതിരെ ചെറുവിരൽ പോലും അനക്കാനാവാത്ത അവസ്ഥയിലാണ് യൂണിയനുകൾ.
പ്രശ്നമായത് പണിമുടക്കോ?
മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സിക്ക് 17 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കു മൂലം മേയ് ആറിന് സർവീസ് നടത്താതിരുന്നതിന് 10 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇങ്ങനെ 27 കോടിയാണ് രണ്ട് മാസത്തിനിടെ വരുമാന നഷ്ടം.
എന്നാൽ, ബസ് സർവീസുകളുടെ എണ്ണം കൂട്ടി കെ.എസ്.ആർ.ടി.സിയുടെ ദിവസ വരുമാനം 8.5 കോടി മുതൽ 9 കോടി രൂപ വരെയാക്കാനുള്ള പദ്ധതികളുൾപ്പെട്ട റിപ്പോർട്ടുകൾ പൂട്ടികെട്ടി വച്ചതിന്റെ ഫലമാണ് ശമ്പളം പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കാനുള്ള പ്രധാന കാരണം. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണ പദ്ധതികളാകട്ടെ രാഷ്ട്രീയ ചേരിയുടെ അടിസ്ഥാനത്തിൽ നിന്ന് അന്ധമായി തൊഴിലാളി സംഘടനകൾ എതിർക്കുമ്പോൾ തകിടം മറിയും. ഫലം അനുഭവിക്കുന്നത് തൊഴിലാളികളും.
ഈ മാസം സർവീസിനയച്ചത് 2702 മുതൽ 3721 വരെ ബസുകളാണ്. 3714 ബസുകൾ നിരത്തിലെത്തിയ 15ന് 7.27 കോടി രൂപയായിരുന്നു കളക്ഷൻ. ലോക്ക് ചെയ്ത് മാറ്റിയിട്ടിരിക്കുന്നവയിൽ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്ത് നിരത്തിലിറക്കാവുന്ന 1650 ബസുകളുണ്ട്. ഈ ബസുകൾ ഗതാഗതയോഗ്യമാക്കി ട്രാൻസ്പോർട്ട് സർവേ നടത്തിയ റൂട്ടുകളിൽ അയച്ചാൽ ദിവസ വരുമാനം 9 കോടി രൂപയിൽ കൂടുതൽ കിട്ടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.പക്ഷേ അതൊന്നും ചെയ്യാൻ ആർക്കും താൽപ്പര്യമില്ല.
അടയുന്നത് ആയിരങ്ങളുടെ ആശ്രയം
കെ എസ് ആർ ടി സിയിൽ പ്രതിസന്ധി കടുത്തതോടെ ഇപ്പോഴുള്ള തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങൾ മാത്രമേ എല്ലാവരും ശ്രദ്ധിക്കുന്നുള്ളൂ. പക്ഷേ, കെ എസ് ആർ ടിസിയിൽ നിയമനം അവസാനിപ്പിച്ചോടെ പൂർണമായും അടഞ്ഞത് ആയിരക്കണക്കിന് യുവതീ യുവാക്കളുടെ ജോലി സാദ്ധ്യതയാണ്. യുവജനങ്ങളാേ സർക്കാരോ തൊഴിലാളിയൂണിയനുകളോ ഇക്കാര്യം ശ്രദ്ധിക്കുന്നേ ഇല്ല. അഥവാ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരും പുറത്തുപറയുന്നില്ല.
എന്താണ് കെ സ്വിഫ്റ്റ്
കെ എസ് ആർ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും , പുതിയ ബസുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റും. ലാഭത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കും ഇതാണ് കെ സ്വിഫ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
കെ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നാണ് സർക്കാർ വിശദീകരണം.നിലവിൽ സ്വിഫ്റ്റിൽ താത്കാലികാടിസ്ഥാനത്തിലാണ് ജീവനക്കാരുടെ നിയമനം.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിഫ്റ്റിന് ഫ്ളാഗ് ഒഫ് ചെയ്തത്. സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങിയത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കിയത്.