തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സിദ്ദുവിന് തടവ് ശിക്ഷ, കോൺഗ്രസ് നേതാവിനെ ശിക്ഷിച്ചത് 34 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ

Thursday 19 May 2022 3:12 PM IST

ന്യൂഡൽഹി: 34 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. സുപ്രീം കോടതിയുടെതാണ് വിധി.

1988ൽ ഡിസംബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റോഡിലെ തർക്കത്തിനിടെ പട്യാല സ്വദേശിയായ ഗുർനാം സിംഗ് എന്നയാളെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിൽ കലാശിച്ചത് എന്നുമാണ് കേസ്. നേരത്തെ ഈ കേസിൽ സിദ്ദുവിനെ മൂന്നുവർഷത്തെ തടവ് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.

ഈ വിധി ചോദ്യം ചെയ്‌താണ് സിദ്ദു സുപ്രീം കോടതിയിലെത്തിയത്. സിദ്ദുവിന് അനുകൂല വിധി നേടാനായെങ്കിലും കൊല്ലപ്പെട്ട ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്. നേരത്തെ ഇതേ കേസിൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. സിദ്ദുവിനോട് കോടതിയിൽ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.