ചൈനയുടെ വെല്ലുവിളികൾ ഇനി വിലപ്പോകില്ല, പ്രതിരോധിക്കാൻ കേന്ദ്ര സർക്കാരിന്റെ സുപ്രധാന നീക്കം; വരുന്നത് വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്കപാത

Thursday 19 May 2022 4:11 PM IST

ന്യൂഡൽഹി: ചെെനയെ നേരിടാനായി ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ സുപ്രധാനമായ തുരങ്കപാത നിർമിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റോഡും റെയില്‍ പാതയും ഉള്‍പ്പെടുന്ന പ്രത്യേക തുരങ്കം അരുണാചല്‍ പ്രദേശിനേയും ആസാമിനേയും ബന്ധിപ്പിച്ചുകൊണ്ടാണ് നിർമ്മിക്കാനൊരുങ്ങുന്നത്.

7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്കപാതയായിരിക്കും ഇത്. ബോർഡര്‍ റോഡ് ഓര്‍ഗനൈനേഷനുമായി (ബിആര്‍ഒ) ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

പദ്ധതിയിൽ മൂന്ന് തുരങ്കങ്ങളാകും നിർമ്മിക്കുക. അതിൽ ഒന്ന് റോഡ്‌ ഗതാഗതത്തിനുള്ളതാണ്. രണ്ടാമത്തെ തുരങ്കം റെയിൽവേയ്ക്കും മൂന്നാമത്തേത് അടിയന്തര ആവശ്യങ്ങൾക്കും ഉള്ളതാണ്. ഈ മൂന്ന് തുരങ്കങ്ങളും ഒരു ക്രോസ് പാസേജ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കും.

നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിർമ്മിക്കുക. 9.8 കിലോമീറ്റർ നീളമുള്ളതായിരിക്കും ഓരോ തുരങ്കവും. ആസമിലെ തെസ്‌പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശിൽ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്നത് വരെയുള്ള ഭാഗത്ത് തുരങ്കം നിർമ്മിക്കുകയാണ് ലക്ഷ്യം.

തുരങ്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

തന്ത്രപ്രധാന സൈനിക ആവശ്യങ്ങൾക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാകണം എന്ന ലക്ഷ്യത്തോടെയാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. ചെെനീസ് വെല്ലുവിളികൾ മറികടക്കുക എന്നതാണ് സുപ്രധാന ലക്ഷ്യം. അരുണാചല്‍ അതിര്‍ത്തിയിലെ ചൈനീസ് വെല്ലുവിളികൾ ഇന്ത്യയ്ക്ക് തലവേദനയായി മാറിയിട്ടുണ്ട്.

ഒരു യുദ്ധമുണ്ടായാൽ അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും ചൈനയ്ക്ക് എളുപ്പത്തിൽ ആക്രമിക്കാനാകും. ഈ സാഹചര്യം മറികടക്കാനാണ് തുരങ്ക പാത എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയത്.

അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് തടസമായി നിൽക്കുന്നത് ബ്രഹ്മപുത്ര നദിയാണ്. തുരങ്കത്തിന്റെ പണി പൂർത്തിയാകുന്നതോടെ രാജ്യാതിർത്തിയിലേക്ക് എളുപ്പത്തില്‍ സൈനികരെയും ആയുധങ്ങളെയും എത്തിക്കാനും സാധിക്കും. പ്രതിരോധ മന്ത്രാലയത്തിന് ഒഴിവാക്കാനാകാത്ത ആവശ്യമായി തുരങ്കപാത മാറിയെന്നാണ് വിവരങ്ങൾ.

Advertisement
Advertisement