നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്; സർക്കാർ ഹൈക്കോടതിയിൽ

Thursday 19 May 2022 5:54 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല എഡിജിപി എസ് ശ്രീജിത്തിനല്ലെന്ന് സർക്കാർ. പുതിയ ക്രൈംബ്രാഞ്ച് മേധാവിയായ ഷേഖ് ദർവേഷ് സാഹിബിനാണ് പകരം ചുമതല നൽകിയിരിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനിടയിലാണ് പഴയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥന് ചുമതല നൽകിയതിന്റെ ഉത്തരവും അന്വേഷണ പുരോഗതിയും അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസും അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താനുള്ള ​ഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കവെ ക്രൈം ബ്രാഞ്ച് എഡിജിപിയായിരുന്ന എസ് ശ്രീജിത്തിനെ തൽസ്ഥാനത്തു നിന്നും നീക്കിയത് വലിയ ചർച്ചകൾക്ക് ഇടയാക്കി.

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി വീണ്ടും സമയം അനുവദിച്ചു. ഇന്ന് നടന്ന വാദത്തിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു. ദിലീപ് ചാറ്റുകൾ അടക്കമുള്ള തെളിവുകൾ നശിപ്പിച്ചുവെന്നും അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.

എന്നാൽ,​ നടിയെ ആക്രമിച്ച കേസുമായി തെളിവ് നശിപ്പിക്കലിന് എന്തു ബന്ധമുള്ളതെന്നായിരുന്നു കോടതി ചോദിച്ചത്. ബന്ധമുണ്ടെന്ന് ആദ്യം തെളിയിച്ചാൽ മാത്രമേ തെളിവ് നശിപ്പിച്ചൂവെന്ന കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി.

Advertisement
Advertisement