വെള്ളൂരിന് ഉത്സവമേളം, പൂട്ടിയ ഫാക്ടറി പുതിയ മുഖവുമായി തുറന്നു

Friday 20 May 2022 12:00 AM IST

കോട്ടയം. വെള്ളൂർ ഗ്രാമത്തിന് ഇന്നലെ ഉത്സവമായിരുന്നു. മൂന്നു വർഷം മുമ്പ് പൂട്ടുവീണ എച്ച്.എൻ.എല്ലിന്റെ സ്ഥാനത്ത് ഇന്നലെ കെ.പി.പി.എല്ലിന്റെ ലോഗോ ഉയർത്തി ആദ്യ പേപ്പർ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുമ്പോൾ അസാദ്ധ്യമായത് സാദ്ധ്യമാക്കിയ ആഹ്ലാദമായിരുന്നു എങ്ങും. കിലോമീറ്ററോളം നീളത്തിൽ റോഡിനിരുവശവും കൊടിതോരണങ്ങളും മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും ചിത്രങ്ങളോടു കൂടിയ സ്വാഗത കമാനങ്ങളും ഉയർത്തിയാണ് നാടാകെ ഇത് ആഘോഷിച്ചത്.

മുഖ്യമന്ത്രിയെ വരവേൽക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങളാണ് വെള്ളൂരിലെ കമ്പനി അങ്കണത്തിലെത്തിയത്. അയ്യായിരം പേർക്കുള്ള സദസ് നിറഞ്ഞു കവിഞ്ഞതോടെ പലർക്കും പുറത്ത് നിൽക്കേണ്ടിവന്നു. മുഖ്യകവാടത്തിലെത്തിയ മുഖ്യമന്ത്രി ലോഗോ പ്രകാശനവും ഒന്നാംനിലയിലെത്തി സ്വിച്ച് ഓണും നിർവഹിച്ചു. പുതുതായി ഉത്പാദിപ്പിച്ച പേപ്പർ റോളിൽ ഒപ്പു ചാർത്തിയശേഷമാണ് ബഗ്ഗി കാറിൽ വ്യവസായ മന്ത്രി പി.രാജീവിനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുമൊപ്പം അദ്ദേഹം ഉദ്ഘാടന വേദിയിലെത്തിയത്. കെ.പി.പി.എല്ലിൽ ഉത്പാദിപ്പിച്ച ന്യൂസ് പ്രിന്റ് റീൽ കവർ കൊണ്ടുള്ളതായിരുന്നു മൈക്ക് സ്റ്റാന്റ് . ഹാളിന് മുകളിലെ അലങ്കാര പണികളും വി.ഐ.പികൾക്കുള്ള ബാഡ്ജുമെല്ലാം കടലാസു കൊണ്ട്. പറന്നുയരുന്ന പക്ഷികളെ തീർത്ത ഇൻസ്റ്റലേഷൻ. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനപ്രതിനിധികളെയും ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലൂക്ക് മാത്യുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും എസ്. സന്ദീപിന്റെ നേതൃത്വത്തിൽ തൊഴിലാളികളും മുഖ്യമന്ത്രിക്ക് സ്നേഹോപഹാരം നൽകി.

വെള്ളൂർ പുരോഗതിയിലേക്ക് കുതിക്കും.

1982 മുതൽ മൂന്നു ദശാബ്ദക്കാലം പ്രതാപത്തോടെ വെള്ളൂരിൽ തല ഉയർത്തി നിന്ന എച്ച്.എൻ.എൽ പൂട്ടിയതോടെ സാമ്പത്തികമായി വെള്ളൂർ ഗ്രാമം തളർന്നുപോയിരുന്നു. കെ.പി.പി.എൽ എന്ന പുതിയ സ്ഥാപനമായി അതു തുറന്നതോടെ വെള്ളൂരിന്റെ മുഖം വീണ്ടും തെളിഞ്ഞു. പൂട്ടിയ വ്യാപാര സ്ഥാപനങ്ങളും ഒന്നൊന്നായി തുറന്നു. അടുത്ത വർഷം വെള്ളൂരിലെ ഫാക്ടറിവളപ്പിൽ കേരള റബ‌ർ കമ്പനിയും കിൻഫ്രയുടെ വ്യവസായ പാർക്കും തുറക്കുന്നതോടെ കൂടുതൽ നാട്ടുകാർക്ക് തൊഴിൽ ലഭിക്കും. ഒപ്പം വെള്ളൂർ ഗ്രാമവും പുരോഗതിയിലേക്ക് കുതിക്കും.

Advertisement
Advertisement