ഇവരൊക്കെ ഏതൊക്കെ ഭാഷയിൽ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാം,​ അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന ധാരണ വേണ്ടെന്ന് രമേശ് ചെന്നിത്തല

Thursday 19 May 2022 7:13 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല. ഇപ്പോൾ വിമ‌ർശിക്കുന്നവർ ആളുകളെ ഏതൊക്കെ ഭാഷയിൽ ആണ് പറഞ്ഞിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. കെ. സുധാകരന്റെ പരാമർശം തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധം ആക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം വിജയിക്കില്ല. .അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന തെറ്റായ ധാരണ ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിൽ താമസിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണ്. ഭരണം ഉപയോഗിച്ച് ഇല്ലാത്ത വാഗ്‌ദാനം നൽകുകയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്‌തു കൊടുക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു