സ്വാതന്ത്ര്യവും ജനാധിപത്യവും എന്തെന്ന് ചൈന ഇന്ത്യയിൽ നിന്ന് മനസിലാക്കണം, സോഷ്യലിസത്തിനും മാർക്സിസത്തിനും പുതിയ ചൈനയിൽ സ്ഥാനമില്ലെന്നും ദലൈലാമ

Thursday 19 May 2022 7:18 PM IST

ന്യൂഡൽഹി: ചൈന എത്ര ശ്രമിച്ചാലും ടിബറ്റൻ ജനതയുടെ മാനസിക നില മാറ്റാൻ സാധിക്കില്ലെന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. ടിബറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അമേരിക്കയുടെ പ്രത്യേക കോർഡിനേറ്റർ ഉസ്ര സെയയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ വീഡിയോയിൽ സംസാരിക്കുകയായിരുന്നു ദലൈലാമ. ഇന്ത്യയിലെ ധരംശാലയിലുള്ള ടിബറ്റ് ഭരണകൂടമാണ് വീഡിയോ പുറത്തിറക്കിയത്. ടിബറ്റൻ ജനതയുടെ ചിന്താശേഷിയെ അട്ടിമറിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ദലൈലാമ പറഞ്ഞു. ചൈന വളരെവേഗം മാറികൊണ്ടിരിക്കുകയാണെന്നും സോഷ്യലിസത്തിനും മാ‌ർക്സിസത്തിനും ചൈനയിൽ ഇപ്പോൾ സ്ഥാനമില്ലെന്നും ദലൈലാമ ആരോപിച്ചു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെും ദീർഘമായ പാരമ്പര്യമുണ്ടെന്നും ദലൈലാമ കൂട്ടിച്ചേർത്തു.

ടിബറ്റിന്റെ പ്രവാസി ഭരണകൂടത്തിന്റെ പ്രസിഡന്റ് സിക്യോംഗ് പെൻപ സെറിംഗ്, പ്രതിനിധികളായ കലോൺ നോർസിൻ ഡോൾമ, നംഗ്യാൽ ചൊഡെപ്പ് എന്നിവരും അമേരിക്കയുടെ പ്രത്യേക കോർഡിനേറ്റർ ഉസ്ര സെയയും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് അമേരിക്കൻ പ്രതിനിധി ധരംശാലയിൽ എത്തിയിട്ടുള്ളത്. സന്ദർശനത്തിനിടെ ഇന്ത്യയിലുള്ള ടിബറ്റ് പാർലമെന്റ് , ടിബറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോമിംഗ് ആർട്സ്, ടിബറ്റ് മ്യൂസിയം എന്നിവ സന്ദർശിക്കും. 2016ലാണ് അവസാനമായി ടിബറ്റിന്റെ അമേരിക്കൻ കോർഡിനേറ്റർ ഇത്തരത്തിൽ ദലൈലാമയെ സന്ദർശിക്കുന്നത്

ഇന്ത്യയിലുള്ള ടിബറ്റ് ഭരണകൂടത്തെ അംഗീകരിക്കാത്ത ചൈനയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം കൂടി നിലവിലെ സന്ദർശനത്തിന് ഉണ്ടെന്ന് കരുതുന്നു. കഴിഞ്ഞ വർഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്‌ളിങ്കൻ ന്യൂഡൽഹിയിൽ വച്ച് ദലൈലാമയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധവുമായി ചൈന പരസ്യമായി രംഗത്തെത്തിയിരുന്നു.

Advertisement
Advertisement