ഗ്യാൻവാപി പള്ളിക്കേസ്: നടപടി തടഞ്ഞ് സുപ്രീംകോടതി

Friday 20 May 2022 12:09 AM IST

ന്യൂഡൽഹി: വാരണാസി കാശിവിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി പള്ളിയിൽ നടത്തിയ വീഡിയോ സർവെയുടെ റിപ്പോർട്ട് അഭിഭാഷക കമ്മിഷൻ സിവിൽ കോടതിക്ക് കൈമാറി. എന്നാൽ സിവിൽ കോടതി നടപടികൾ ഇന്ന് വരെ സുപ്രീംകോടതി തടഞ്ഞു.

ചിത്രങ്ങളും വീഡിയോകളും അടക്കം മൂന്ന് ഭാഗങ്ങളായി 70 പേജുള്ള റിപ്പോർട്ട് മുദ്രവച്ച കവറിലാണ് അഭിഭാഷക കമ്മിഷണർ വിശാൽ സിംഗ് കോടതിക്ക് കൈമാറിയത്. ഹർജിക്കാരുടെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ സുപ്രീംകോടതി ഇന്നലെ ഹർജി പരിഗണിച്ചില്ല. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.

പള്ളിയിലെ കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് വീഡിയോ ചിത്രീകരണ സമയത്ത് കൂടെയുണ്ടായിരുന്ന അഭിഭാഷകൻ അവകാശപ്പെട്ടു. ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ മതിലിനോട് ചേർന്നുള്ള ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വനിതകളാണ് ഹർജി നൽകിയത്.

Advertisement
Advertisement