ഇത് താലിബാന്റെ അവസാന വാക്ക്, ഇനി ഒരു തരത്തിലുള്ള ചർച്ചയുമുണ്ടാകില്ല; വനിതാ ടിവി അവതാരകരെല്ലാം നിർബന്ധമായും മുഖം മറയ്ക്കണം

Thursday 19 May 2022 10:15 PM IST

കാബൂൾ: അഫ്ഗാനിലെ വനിതാ ടെലിവിഷൻ അവതാരകരെല്ലാം ഇനി മുതൽ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികൾ അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിട്ട് താലിബാൻ. അഫ്ഗാനിലെ എല്ലാ മാദ്ധ്യമങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉത്തരവ് താലിബാന്റെ അവസാന വാക്കാണെന്നും ഇക്കാര്യത്തിൽ ഇനി ചർച്ചയുണ്ടാകില്ലെന്നുമാണ് വാർത്ത പുറത്തുവിട്ട അഫ്ഗാനിലെ പ്രശസ്ത മാദ്ധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങൾക്കും താലിബാൻ ഈ പ്രസ്താവന നേരിട്ട് അയച്ചുവെന്നാണ് വിവരം.

തീരുമാനത്തെത്തുടർന്ന് രാജ്യത്തെ നിരവധി വനിതാ മാദ്ധ്യമ പ്രവർത്തകർ അവരുടെ മുഖം മറച്ച് പരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം സ്ത്രീകളെ അടിച്ചമർത്തുന്ന നടപടികളാണ് അവർ നിരന്തരം ചെയ്തു വരുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് ഈ തീരുമാനവും. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾ അവരുടെ കണ്ണുകൾ മാത്രമേ പുറത്തുകാണിക്കാൻ പാടുള്ളു എന്ന് താലിബാൻ ഉത്തരവിട്ടത് ഈ മാസം ആദ്യമാണ്.

ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ തിരികെ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അഫ്‌ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രിയും താലിബാന്റെ സഹ- ഉപ നേതാവുമായ സിറാജുദ്ദീൻ ഹക്കാനി ഇന്ന് പ്രസ്താവിച്ചിരുന്നു. കൂടാതെ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്ന വികൃതികളായ സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കേണ്ടിവരുമെന്നും ഹക്കാനി വ്യക്തമാക്കി.

വികൃതികളായ സ്ത്രീകളെ ഞങ്ങൾ വീട്ടിലിരുത്തും. നിലവിലെ സർക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികൾ എന്നുദ്ദേശിച്ചതെന്നും ഹക്കാനി പറഞ്ഞു.

ആറാം ക്ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് നിലവിൽ സ്കൂളിൽ പോകാൻ അനുമതിയുണ്ട്. അതിന് മുകളിലുള്ള ക്ളാസുകളിലെ വിദ്യാർത്ഥിനി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടി സ്വീകരിച്ചുവരികയാണ്. 'നല്ല വാർത്ത' ഉടൻ ഉണ്ടാകും. എന്നാൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവർ വീട്ടിൽ തന്നെ കഴിയേണ്ടി വരുമെന്നും താലിബാൻ നേതാവ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം സ്ത്രീകൾക്കെതിരായ നിയമങ്ങൾ ഉദാരമാക്കുമെന്ന് താലിബാൻ അറിയിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥിനികൾക്ക് സ്കൂളിൽ പോകാനുള്ള അനുമതി നിഷേധിക്കുകയാണ് തുടർന്ന് താലിബാൻ ചെയ്തത്.

മാർച്ച് മുതൽ ആറാം ക്ളാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സ്കൂളിൽ പോകാൻ അനുമതി നൽകിയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ ആചാരങ്ങൾക്കും സംസ്കാരത്തിനും ഷരിയയ്ക്കും അനുസൃതമായുള്ള യൂണിഫോം ഡിസൈൻ ചെയ്യുന്നതുവരെ വീട്ടിൽ തന്നെ തുടരണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Advertisement
Advertisement