വികസനത്തിന്റെ ഒന്നാം പിറന്നാൾ

Friday 20 May 2022 12:00 AM IST

ജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയും വികസനപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന വ്യക്തിത്വമുള്ള സർക്കാരിന്റെ ഒന്നാം വാർഷികമാണിന്ന്.

സാമ്പത്തികവളർച്ച ഉത്തേജിപ്പിക്കും വിധം ഉത്‌പാദന മേഖലകളിൽ ഉണർവുണ്ടാക്കാനും സേവന മേഖലകളെ ആധുനികവത്‌കരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്താനുമാണ് ശ്രമം.

പ്രോഗ്രസ് റിപ്പോർട്ട്

ജൂൺ രണ്ടിന്

ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിന് അവതരിപ്പിക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായ മേഖലയിൽ 10,000 കോടി രൂപയുടെയെങ്കിലും സ്വകാര്യനിക്ഷേപം ആകർഷിക്കാനും കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്താനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

കൊച്ചി-പാലക്കാട്, കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്‌മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നീ സുപ്രധാന പശ്ചാത്തല സൗകര്യപദ്ധതികൾ അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയജലപാത എന്നിവ പൂർത്തീകരിക്കും. കേരളത്തിൽ വൈദ്യുതി ക്ഷാമമില്ലാതാക്കാൻ 10,000 കോടി രൂപയുടെ ട്രാൻസ്‌ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും. ദാരിദ്ര്യനിർമ്മാർജ്ജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 'കാരുണ്യ' പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവർക്ക് രണ്ടുലക്ഷം രൂപവരെ ചികിത്സയും ഉറപ്പാക്കും.

സാമൂഹ്യ പെൻഷനുകൾ

ഘട്ടംഘട്ടമായി ഉയർത്തും

സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി ഉയർത്തും. എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കും. കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കും കേരളാ ബാങ്കിലൂടെ ഉദാരവായ്പകൾ ലഭ്യമാക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിലെ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിൽ കൈവരിക്കുക അടിയന്തര ലക്ഷ്യമാണ്. അഴിമതി നിർമ്മാർജ്ജനം ശക്തിപ്പെടുത്തും. 40 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യം. കമ്പ്യൂട്ടർ, വൈദ്യുത വാഹനം എന്നിവയുടെ നിർമ്മാണം പോലുള്ള വ്യവസായങ്ങൾക്കും . കാർഷികോത്പന്നങ്ങൾ ഉൾപ്പെടെയുള്ള തനതുവിഭവങ്ങളുടെ മൂല്യവർദ്ധിത വ്യവസായങ്ങൾക്കും വലിയ സാദ്ധ്യതകളുണ്ട്. 25 വർഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമാനമാക്കുകയാണ് ലക്ഷ്യം.

2026 ഓടെ രണ്ടുകോടി ചതുരശ്രയടി ഐ.ടി പാർക്കുകളും രണ്ടുലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമം. കൊവിഡ് കാലയളവിൽ മൂന്ന് ഐ.ടി പാർക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളുണ്ടാക്കി; 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 3,500 ഓളം പുതിയ സ്റ്റാർട്ടപ്പുകൾ മുഖേന 32,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമായി മാറാനും നമുക്കു കഴിഞ്ഞു. നാലുലക്ഷം ചതുരശ്രയടിയിലാണ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബ് ഒരുങ്ങിയത്. സ്റ്റാർട്ടപ്പ് നയം കരുത്തോടെ തുടരാനാണ് ശ്രമം.

എയ്ഞ്ചൽ ഫണ്ട്

കേരള ബാങ്ക്, കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി എയ്ഞ്ചൽ ഫണ്ട് രൂപീകരിക്കാൻ നടപടി ആരംഭിച്ചു.

പരമ്പരാഗതമായി ഐ.ടി മേഖലയിൽ നിലയുറപ്പിച്ച കമ്പനികളെയും നൂതന ആശയങ്ങളുമായി കടന്നുവരുന്ന യുവസംരംഭകരെയും സംയോജിപ്പിച്ചുള്ള വ്യാവസായിക മുന്നേറ്റമാണ് ഐ.ടി, ഇലക്‌ട്രോണിക് രംഗങ്ങളിലെ ലക്ഷ്യം . കെ-ഫോൺ പദ്ധതി പൂർത്തീകരണത്തോട് അടുക്കുകയാണ്. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും
ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലേതിന് ആനുപാതികമായ മുന്നേറ്റം വ്യാവസായിക, ഉന്നതവിദ്യാഭ്യാസ, ഊർജ്ജ, ഗതാഗത മേഖലകളിൽ ഉണ്ടാക്കാനായില്ലെന്ന് വിലയിരുത്തി, അതു മറികടക്കാനുള്ള പദ്ധതിളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് 2016 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയത്. വൻകിട പദ്ധതികളായ ദേശീയപാതാ വികസനം, കൊച്ചി-ഇടമൺ പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.

ദേശീയപാതാ വികസനം

അനിശ്ചിതമായി നീണ്ട ദേശീയപാതാ വികസനം യാഥാർത്ഥ്യമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിച്ചത്. ആകെ 21,583 കോടി രൂപയാണ് ചെലവാക്കിയത്.

നിരവധി എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് 2021 ലാണ് ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാക്കിയത്. 2026 ഓടെ വിവിധ ജില്ലകളിലായി 615 സി.എൻ.ജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് സർക്കാർ നീങ്ങുന്നത്. ഇതിന്റെയൊക്കെ ഫലമായി പാചകവാതക ഉപഭോക്താക്കൾക്ക് 30 ശതമാനം കുറഞ്ഞ ചെലവിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കിലൂടെ ഇന്ധനം ലഭിക്കും.

നൂറുശതമാനം വൈദ്യുതീകരണം സാദ്ധ്യമാക്കി. കഴിഞ്ഞവർഷം 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ടത്തിന്റെ വിശദപദ്ധതി രൂപരേഖ തയ്യാറാക്കുകയാണ്. സൗരോർജ്ജത്തിൽ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്. 399.82 മെഗാവാട്ട് ശേഷിയാണ് നിലവിലുള്ളത്. കായംകുളം ഫ്‌ളോട്ടിങ് സോളാർ പദ്ധതി, ചീമേനി, നെല്ലിത്തടം, വെസ്റ്റ് കല്ലട, ബാണാസുര സാഗർ റിസർവോയർ എന്നിവിടങ്ങളിൽ സൗരോർജ പദ്ധതി പുരോഗമിക്കുകയാണ്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവള വികസനം, ദേശീയജലപാത എന്നിവയോടൊപ്പം റെയിൽ ഗതാഗത മേഖലയിലും മുന്നേറാൻ ഒരുങ്ങുന്നതിന്റെ ഭാഗമാണ് തെക്ക് - വടക്ക് 530 കി.മീറ്റർ നീളുന്ന സിൽവർ ലൈൻ പദ്ധതി.

സിൽവർലൈൻ കടന്നുപോകുന്ന ജില്ലകളിൽ സാമൂഹ്യാഘാതപഠനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലാൻഡ് അക്വസിഷൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കുമ്പോൾ മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതിയുടെ വിശദരൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്. ഭാവികേരളത്തിനുള്ള ഈടുവെയ്പു കൂടിയാണ് സിൽവർലൈൻ പദ്ധതി.

അടിസ്ഥാന സൗകര്യമേഖലയിലെ വികസനവും വ്യവസായങ്ങൾ ആരംഭിക്കാനും തുടർന്നു കൊണ്ടുപോകാനുമുള്ള നടപടികളുടെ ലഘൂകരണവും

അടിസ്ഥാനസൗകര്യ മേഖലയിലും വ്യവസായമേഖലയിലും വികാസത്തിനു പിന്തുണ നൽകാനാവുന്ന മാനവവിഭവ ശേഷി ആവശ്യമാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെന്നപോലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയതോതിലുള്ള ഇടപെടലുകളുണ്ടായാലേ മുന്നേറ്റം സാദ്ധ്യമാവൂ. എൻറോൾമെന്റ് അനുപാതം വർദ്ധിപ്പിച്ചും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈവിദ്ധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തും.

നൂറുദിന

കർമ്മപരിപാടി

പ്രത്യേക ശ്രദ്ധചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി നൂറുദിന കർമ്മപരിപാടി ആവിഷ്‌കരിക്കാനായി. രണ്ട് നൂറുദിന കർമ്മപരിപാടിയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ പൂർത്തിയാക്കിയത്. ആദ്യ നൂറുദിന പരിപാടിയിൽ 32 വകുപ്പുകളിലായി 178 പദ്ധതികളാണ് ഉദ്ദേശിച്ചിരുന്നത്. ലൈഫ് മുഖേന 12,067 വീട് നൽകി. 13,534 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കി 1,000 കോടി രൂപയുടെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിൽ പൂർത്തീകരിച്ചു

ലൈഫ് മിഷന്റെ ഭാഗമായി 20,000 പേർക്ക് വീടുകൾ, മൂന്ന് ഭവന സമുച്ചയങ്ങൾ, പുനർഗേഹം വഴി 532 വീടുകൾ, കേരളത്തിൽ അങ്ങോളമിങ്ങോളം വാതിൽപ്പടി സേവനം, 15,000 പേർക്ക് പട്ടയം, 14,000 കുടുംബങ്ങൾക്ക് കെ-ഫോൺ കണക്‌ഷൻ, എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 150 വെൽനെസ് സെന്ററുകൾ, 53 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ, നവകേരള ഫെലോഷിപ്പ്, 1,500 ഗ്രാമീണ റോഡുകൾ, മാങ്കുളം ജലവൈദ്യുത പദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക് എന്നിവയൊക്കെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമാണ്.

സേവനങ്ങൾ

ഓൺലൈനായി

800 ലധികം സേവനങ്ങൾ ഓൺലൈനായി ഒറ്റപോർട്ടലിൽ ലഭ്യമാക്കിയിരിക്കുകയാണ്. സേവനങ്ങൾ സാർവത്രികമായി ലഭ്യമാക്കാൻ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ ഉപയോഗിക്കുകയാണ് . ഇതെല്ലാം രാജ്യത്തെ നയിക്കുന്ന നവഉദാരവത്‌കരണ നയങ്ങൾക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ വ്യക്തമാക്കുന്നു.
അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയനേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ കരുത്തോടെ ഏറ്റെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാരിന്റെ ശ്രമം.

Advertisement
Advertisement