കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം, ജി.എസ്.ടിയിൽ തുല്യ അധികാരം

Friday 20 May 2022 12:00 AM IST

 സമുദ്ര ചരക്ക് നീക്കത്തിനുള്ള ഐ.ജി.എസ്.ടി റദ്ദാക്കി

ന്യൂഡൽഹി: ജി.എസ്.ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയില്ലെന്നും ജി.എസ്.ടിയിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നും സുപ്രീംകോടതി. കൗൺസിലിന്റെ ശുപാർശകൾക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളൂവെന്നും കടൽമാർഗം ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വിധിച്ചു. സമുദ്ര ചരക്ക് നീക്കത്തിന് ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ജി.എസ്.ടി) ചുമത്തിയത് കോടതി റദ്ദാക്കി.

സമുദ്ര ചരക്ക് നീക്കത്തിന്റെ ഐ.ജി.എസ്.ടി ഭരണഘടനാവിരുദ്ധമാണെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ കേന്ദ്രത്തിന്റെ അപ്പീൽ തള്ളിയാണ് വിധി. സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും തുല്യമായാണ് ജി.എസ്.ടിയുമായി ബന്ധപ്പെട്ട 246 എ വകുപ്പ് പരിഗണിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും സ്വതന്ത്രമാണെന്ന് 279 എ വകുപ്പും പറയുന്നു. ഇത് മത്സരാധിഷ്ഠിത ഫെഡറലിസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഫെഡറൽ സംവിധാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തരമായ ആശയ വിനിമയമാണ്. അതിനാൽ കൗൺസിലിന്റെ ശുപാർശ നടപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് പറയുന്നത് ഫെഡറലിസത്തിന് എതിരാണ്- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഫെഡറൽ സംവിധാനത്തെ മുറുകെപ്പിടിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന രീതിയിൽ ജി.എസ്.ടി കൗൺസിൽ സൗഹാർദ്ദപരമാകണം. കൗൺസിലിന്റെ ശുപാർശകൾ നിർബ്ബന്ധമാക്കാനാണെങ്കിൽ വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാകുമായിരുന്നു. ഇടപെടലുകൾ ബാധകമല്ലെങ്കിൽ ആർട്ടിക്കിൾ 246 എയിൽ ഒരു പ്രത്യേക വ്യവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താമെന്ന വിധി ജി.എസ്.ടിയെ തുടർന്ന് വരുമാനം കുറഞ്ഞ സംസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം, നിയമത്തിലെ പഴുത് കണ്ടെത്തി കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിലൂടെ അപാകത പരിഹരിക്കാനും നിലവിലെ സംവിധാനം തുടരാനുമാണ് സാദ്ധ്യതയെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

ജി.എസ്.ടി മൂന്നു തരത്തിൽ

സംസ്ഥാനത്തെ ഉൽപന്നങ്ങൾക്ക് മാത്രമായുള്ള എസ്.ജി.എസ്.ടി

 സംസ്ഥാനങ്ങൾ കടന്ന് വിൽപന നടത്താനുള്ള ഐ.ജി.എസ്.ടി

 ദേശീയതലത്തിൽ നികുതി നിർണ്ണയിക്കുന്ന കേന്ദ്രജി.എസ്.ടി

''

വിധി സുപ്രധാനവും നികുതി ഘടനയിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നതുമാണ്. വിധിയുടെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്തു വന്നശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.

-കെ.എൻ. ബാലഗോപാൽ , ധനകാര്യമന്ത്രി

തർക്കങ്ങൾ കോടതിയിലെത്തും

സുപ്രീംകോടതി വിധി നികുതിഘടനയും നികുതിപിരിവും സംബന്ധിച്ച വിഷയങ്ങളിൽ ഇതുവരെ എടുത്തതും ഇനി സ്വീകരിക്കുന്നതുമായ നടപടികൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.

കേന്ദ്ര ധനമന്ത്രി അദ്ധ്യക്ഷയും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ ജി.എസ്.ടി കൗൺസിലാണ് നികുതി നിശ്ചയിക്കുന്നത്.

നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാം

"നിലവിലെ ജി.എസ്.ടി നിയമത്തിൽ പഴുതുണ്ടെന്നാണ് സുപ്രീംകോടതി വിധികാണിക്കുന്നത്. അത് കണ്ടെത്തി കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാനും നിലവിലെ സംവിധാനം തുടരാനുമാണ് സാദ്ധ്യത. "

-ഡോ.ഡി. നാരായണ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ

Advertisement
Advertisement