കെ.എസ്.ആർ.ടി.സിക്ക് ഡീസൽ: എണ്ണക്കമ്പനികൾക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

Friday 20 May 2022 12:32 AM IST

ന്യൂഡൽഹി: വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണക്കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വില നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടെങ്കിൽ ആർബിട്രേഷൻ നടപടി സ്വീകരിക്കാമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നോട്ടീസിന് മറുപടി നൽകാൻ എട്ട് ആഴ്ചത്തെ സമയം അനുവദിച്ചു. മദ്ധ്യവേനലവധിക്ക് ശേഷം ഹർജി പരിഗണിക്കും.

വിപണി വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ അധിക വില ഈടാക്കുന്നവരിൽ നിന്ന് എന്തിന് ഡീസൽ വാങ്ങണമെന്നും മറ്റ് കമ്പനികളിൽ നിന്ന് വാങ്ങിക്കൂടെ എന്നും കോടതി ചോദിച്ചു.