കടൽ കയറി പനത്തുറ; ആശങ്കയോടെ തീരദേശവാസികൾ

Friday 20 May 2022 1:28 AM IST

തിരുവനന്തപുരം: ഇന്നലെയും മഴ കനത്തതോടെ പനത്തുറയിലെ തീരദേശവാസികൾ ആശങ്കയിലായി.മഴ കനത്താൽ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കേണ്ടി വരും.കടൽഭിത്തി മറികടന്ന് വീടുകളിലേക്ക് തിരയടിച്ച് കയറിയതോടെ പലരും ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. ചിലരാകട്ടെ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കപ്പെടുകയാണ്. 2007ൽ എൽ.ഡി.എഫ് സർക്കാരാണ് പനത്തുറയിൽ കടൽഭിത്തി നിർമ്മിച്ചത്.വർഷംതോറും കടൽഭിത്തിയിൽ അറ്റകുറ്റപണി നടത്തുമെന്നായിരുന്നു അന്ന് നൽകിയ ഉറപ്പ്. എന്നാൽ 14 വർഷം കഴിഞ്ഞിട്ടും ഒരു തവണപോലും കടൽഭിത്തിയിൽ അറ്റകുറ്റപണി നടന്നിട്ടില്ല. പനത്തുറ മുസ്ലിം പളളി മുതൽ പൊഴിവരെ പത്ത് പുലിമുട്ടുകൾ സ്ഥാപിക്കേണ്ടിടത്ത് ഇതുവരെ പണിതത് രണ്ട് പുലിമുട്ടുകൾ മാത്രമാണ്.അഞ്ഞൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന തീരത്ത് നിന്നും ഇരുന്നൂറോളം കുടുംബങ്ങൾ താമസംമാറി.കയർ-മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വർഷംതോറും കടലേറ്റം ഉണ്ടായിട്ടും യാതൊരു പുനരധിവാസ പാക്കേജോ നഷ്‌ടപരിഹാരമോ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ മാത്രം പത്തോളം വീടുകൾ തകർന്നിരുന്നു. കടലാക്രമണത്തിൽ തകർന്ന പനത്തുറ-പളളിനട റോഡിന്റെ നിർമ്മാണവും ജലരേഖയായി.മുസ്ലിം ജമാഅത്ത് പളളി തകരാറിലായ സ്ഥിതിയിലാണ്.പ്രദേശത്ത് കച്ചവടം നിറുത്തിപോയ ചെറുകിട വ്യാപാരികളും ധാരാളമുണ്ട്.പുലിമുട്ട് നിർമ്മിക്കാനും കടൽഭിത്തി ബലപ്പെടുത്താനും 80 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതും ചുവപ്പുനാടയിൽ കുരുങ്ങികിടക്കുകയാണ്.ജി.ജി കോളനിയിലെ വീടുകളും ഏതുനിമിഷം തകരാറായ സ്ഥിതിയിലാണ്.

ജലപാതയ്‌ക്കരികെ...

നിർദിഷ്‌ട കോവളം-ബേക്കൽ ജലപാതയ്‌ക്കായി സ്ഥലമേറ്റെടുത്ത കനാലും പനത്തുറ കടലും തമ്മിൽ 50 മീറ്റർ പോലും വ്യത്യാസമില്ല.കടൽഭിത്തി സംരക്ഷിക്കാതെയും ബാക്കി പുലിമുട്ട് നിർമ്മിക്കാതെയും മുന്നോട്ട് പോയാൽ എങ്ങനെ ജലപാത നടപ്പാക്കുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം. തീരം സംരക്ഷിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഭാവിയിൽ ബൈപ്പാസ് റോഡിലേക്ക് വരെ കടലേറ്റം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു കേരളകൗമുദിയോട് പറഞ്ഞു.

Advertisement
Advertisement