കിടക്ക പങ്കിട്ടാൽ കുതിരയെ വാങ്ങിത്തരാം; എലോൺ മസ്ക്കിനെതിരെ ലൈംഗികാരോപണവുമായി എയർഹോസ്റ്റസ്, തനിക്കെതിരായ ലൈംഗികാരോപണത്തിന് ഹാഷ്ടാഗിട്ട് വ്യവസായ ഭീമൻ

Friday 20 May 2022 3:19 PM IST

ഓക്ക്‌ലാൻഡ്: ടെസ്‌ല സ്ഥാപകൻ എലോൺ മസ്ക്കിനെതിരെ ലൈംഗികാരോപണം. ഒരു വിമാനയാത്രക്കിടെ പരിചയപ്പെട്ട എയർ ഹോസ്റ്റസിനോടാണ് മസ്ക്ക് ലൈംഗീകാതിക്രമം നടത്തിയത്. 2016ൽ നടന്ന സംഭവം രണ്ട് വർഷത്തിന് ശേഷം പരാതിക്കാരിക്ക് രണ്ടരലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 1.93 കോടി രൂപ) നഷ്ടപരിഹാരം നൽകി ഒതുക്കിതീർക്കുകയായിരുന്നു. മസ്ക്കിന്റെ സ്പേസ് എക്സ് എന്ന കമ്പനിയാണ് യുവതിക്ക് നഷ്ടപരിഹാരം നൽകിയത്. ഇതിന്റെ രേഖകൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് വാർത്ത പുറംലോകമറിയുന്നത്.

പരാതിക്കാരിയുടെ കൂട്ടുകാരിയെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2016ൽ വിമാനയാത്രക്കിടെ എയർ ഹോസ്റ്റസിന്റെ തുടയിൽ തടവുകയും തന്നോട് സഹകരിച്ചാൽ കുതിരയെ വാങ്ങിത്തരാമെന്നും മസ്ക്ക് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആരോപണം നിഷേധിച്ച മസ്ക്ക് എയർ ഹോസ്റ്റസിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന വ്യക്തി കളവ് പറയുകയാണെന്നും ഈ സംഭവത്തെകുറിച്ച് പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യമെങ്കിലും വെളിപ്പെടുത്താൻ അവർ തയ്യാറാകണമെന്നും പറ‌ഞ്ഞു. എന്നാൽ അവർക്ക് അതിന് കഴിയില്ലെന്നും കാരണം അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും മസ്ക്ക് വ്യക്തമാക്കി.

തന്നെകുറിച്ച് ഉയർന്നു വന്ന വിവാദത്തെ എലോൺഗേറ്റ് എന്ന് വിളിക്കണമെന്ന ആവശ്യവുമായി എലോൺ മസ്ക്ക് പിന്നീട് എത്തി. 2021ൽ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് മസ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. താൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലോ എന്ന് സൂചിപ്പിച്ച് കൊണ്ട് പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു മസ്ക്ക്.