വീണ്ടും ഞെട്ടിക്കാൻ കെ ജി എഫ് ‌സംവിധായകൻ വരുന്നു; സലാറിന് ശേഷം ഒരുക്കുന്ന ചിത്രത്തിലെ നായകൻ മറ്റൊരു സൂപ്പർസ്റ്റാ‌ർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Friday 20 May 2022 3:37 PM IST

ബോക്‌സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ കെ.ജി.എഫ് ചാപ്റ്റർ 2. ചിത്രം 1200 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്.

പ്രഭാസ് നായകനായെത്തുന്ന 'സലാര്‍' എന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ അടുത്ത സംവിധാന സംരംഭം. ഇപ്പോഴിതാ സലാറിന് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്.

ജൂനിയര്‍ എൻ.ടി.ആർ നായകനായി എത്തുന്ന ചിത്രമാണിത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുക. എൻ.ടി.ആർ 31 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ ജൂനിയര്‍ എൻ.ടി.ആറിന്റെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്.

ആദ്യമായാണ് പ്രശാന്ത് നീലും എൻ.ടി.ആറും ഒന്നിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും എൻ.ടി.ആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെ.ജി.എഫ് 2 വിജമായതിന് പിന്നാലെയെത്തുന്ന പ്രശാന്ത് നീലിന്റെ ചിത്രങ്ങളിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അടുത്തയാഴ്ച മുതൽ കെ.ജി.എഫ് 2 ഒ.ടി.ടി യിലും കാണാനാകും. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement
Advertisement