ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക്, സിവിൽ കോടതി നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം

Friday 20 May 2022 6:16 PM IST

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ സിവിൽ കോടതി നടപടികൾ നിർത്തിവയ്ക്കാനും തുടർനടപടികൾ വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവ്. മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. മസ്ജിദിൽ പ്രാർത്ഥനക്കു മുമ്പ് ശുചീകരണത്തിന് സൗകര്യമൊരുക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ജില്ലാ കളക്ടർക്കാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കോടതി നൽകിയിരിക്കുന്നത്.

ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയിലാണ് കോടതി നിർദ്ദേശം. നിലവിലെ കോടതി ഉത്തരവ് നല്കുക, കോടതി നടപടികൾക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു വിടുക എന്നിങ്ങനെ മൂന്ന് നിർദ്ദേശങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ചത്. എന്നാൽ മൂന്ന് നിർദ്ദേശങ്ങളും അംഗീകരിക്കാനാകില്ലെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. അഞ്ഞൂറ് കൊല്ലമായുള്ള സ്ഥിതി ആസൂത്രിതമായി മാറ്റിയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. സര്‍വ്വെ കമ്മീഷൻ റിപ്പോർട്ട് ചോർത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ട് മസ്ജിദ് കമ്മിറ്റി തള്ളി. കണ്ടത് ജലധാരയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചെങ്കിലും ഇത് എതിർകക്ഷികളുടെ അഭിഭാഷകൻ എതിര്‍ത്തു.