ചെളിയും മണലും ലേലം ചെയ്യും. ദുരന്തം തടയാൻ വിപുലമായ ഒരുക്കം.

Saturday 21 May 2022 2:25 AM IST

കോട്ടയം . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പുഴകളിൽ അടിഞ്ഞുകൂടിയതിനെത്തുടർന്ന് കരയിലേക്ക് നീക്കിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും ഇ ടെൻഡറിലൂടെ ലേലം ചെയ്യും. അടിയന്തിര നടപടിക്ക് കളക്ടർ ഇറിഗേഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർമാർക്കാണ് ചുമതല.
പുഴ പുനർജനി പദ്ധതി പ്രകാരം കരയിലേക്ക് നീക്കിയ ചെളിയും മണലും മഴ ശക്തിപ്പെട്ടതോടെ തിരികെ ഒഴുകിയിറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി താലൂക്കിലും ചാർജ് ഓഫീസർമാരായി ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറുടെ ചുമതല എ ഡി എമ്മിനാണ്. സബ് കളക്ടർ, ആർ ഡി ഒ. എന്നിവർക്ക് ദുരന്തനിവാരണ പ്രവർത്തന ചുമതല നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. ദുരന്തനിവാരണത്തിനായി ആവശ്യമുള്ള യന്ത്രങ്ങളുടെ വിവര ഡയറക്ടറി താലൂക്ക് തലത്തിൽ തയാറാക്കും. മുൻ വർഷങ്ങളിൽ നാശഷ്ടമുണ്ടായ സ്ഥലങ്ങളിൽ മുൻകൂർ തയ്യാറെടുപ്പുകൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശിച്ചു.

ഖനനം നിരോധിച്ചു.

ജില്ലയിലെ എല്ലാ ഖനനങ്ങളും നിരോധിച്ചു. നിലവിൽ ഖനനം ചെയ്ത കല്ലുകൾ, കല്ല് ഉത്പന്നങ്ങൾ എന്നിവ കാലവർഷം എത്തുന്നതിനു മുമ്പ് കൊണ്ടുപോകാൻ അനുവദിക്കും. പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ റോഡ്‌സ് വിഭാഗം മുറിച്ചു നീക്കും. വൈദ്യുതിലൈനുകളിലെ തടസങ്ങൾ നീക്കാനും അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ മാറ്റാനും കെ എസ് ഇ ബിയ്ക്ക് നിർദ്ദേശം നൽകി.

മുൻകരുതലുകൾ ഇങ്ങനെ.

ക്യാമ്പുകൾക്ക് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് മുൻകൂർ നടപടി.

സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ പരസ്യബോർഡുകളുടെ സുരക്ഷ ഉറപ്പാക്കും.

പ്രശ്നബാധിത പ്രദേശങ്ങളുടെ പട്ടിക തഹസിൽദാർമാർ ഡിവൈ എസ് പിമാർക്ക് നൽകും.

വകുപ്പു മേധാവികൾ പറയുന്നു.

'' ജില്ലയിലെ എട്ടു ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷനുകളിലും സേന സജ്ജമാണ്. വാഹനമടക്കം സജ്ജമായിട്ടുണ്ട്.

രാമകുമാർ ഡിവിഷണൽ ഫയർ ഓഫീസർ.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പൊലീസ് സേന സജ്ജമാണ്. എസ്.എച്ച്.ഒമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഡി.ശിൽപ്പ, ജില്ലാ പൊലീസ് മേധാവി.

Advertisement
Advertisement