ഗ്യാൻവാപി കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി, സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും

Saturday 21 May 2022 12:57 AM IST

ന്യൂഡൽഹി:വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് മുനിസിഫ് കോടതിയിൽ നിന്ന് വാരണാസി ജില്ലാ കോടതിയിലേക്ക് (വാരണാസി ജില്ലാ ജഡ്ജി - സീനിയർ ഡിവിഷൻ) മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. ജില്ലാ കോടതി കേസ് പരിഗണിക്കുന്നത് വരെ ഈ വിഷയത്തിൽ മേയ് 17 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തുടരും.

ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിയുടെ ഭാഗം സംരക്ഷിക്കണമെന്നും മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയരുതെന്നുമാണ് 17 ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജില്ലാ ജഡ്ജിക്ക് കൈമാറണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

സിവിൽ സ്യൂട്ടിലെ സങ്കീർണ്ണതകൾ കണക്കിലെടുക്കുമ്പോൾ മുതിർന്നതും പരിചയസമ്പന്നനുമായ ജൂഡിഷ്യൽ ഓഫീസറുടെ മുമ്പാകെ വിചാരണ ചെയ്യുന്നതാണ് ഉചിതമെന്ന് കോടതി അഭിപ്രായപ്പെട്ടു.

അഭിഭാഷക സർവേ കമ്മഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തരുതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യവും സമാധാനവുമാണ് ഏറ്റവും പ്രധാനം. ഗ്യാൻവാപി മസ്ജിദിൽ വീഡിയോ സർവ്വേ നടത്തുന്നതിനെതിരായ ഹർജികളാണ് കോടതി പരിഗണിച്ചത്.