ലാലുവിനെതിരെ പുതിയ അഴിമതി കേസ്,15 ഇടങ്ങളിൽ റെയ്ഡ്

Saturday 21 May 2022 12:05 AM IST

ന്യൂഡൽഹി: റെയിൽവെ മന്ത്രിയായിരിക്കെ റിക്രൂട്ട്മെന്റിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും മകൾ മിസ ഭാരതിയടക്കമുള്ള കുടുംബാംഗങ്ങളുടെയും പേരിൽ സി.ബി.ഐ കേസെടുത്തു.

2004 - 2009 കാലയളവിൽ ലാലു റെയിൽവെ മന്ത്രിയായിരിക്കെ, തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ഭൂമിയും മറ്റ് സ്വത്തുക്കളും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ലാലുവിന്റെ പാട്നയിലെ വീട്ടിലും ഓഫീസിലുമുൾപ്പെടെ 15 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി.

റെയിൽവേയിൽ ഗ്രൂപ്പ് ഡി ജീവനക്കാരായി നിയമനം നൽകുന്നതിന് ഭൂമിയും മറ്റ് സ്വത്തുക്കളും ലാലുവും കൂട്ടരും കൈക്കൂലി വാങ്ങി. ഇവ ആദ്യം മറ്റ് ചിലരുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം ആറ് വർഷം കഴിഞ്ഞ് ലാലു കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

കഴിഞ്ഞ ഫെബ്രുവരിയിൽ 139 കോടിയുടെ ഡൊറാൻഡ ട്രഷറി അഴിമതി കേസിൽ സി.ബി.ഐ കോടതി ലാലുവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കേസിൽ ജാർഖണ്ഡ് കോടതി ലാലുവിന് കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.

അധികാരത്തിലുള്ളവർ ലാലു പ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും ലക്ഷ്യമിടുന്നത് അവരുടെ ജനപ്രീതിയെക്കുറിച്ച് ബോദ്ധ്യമുള്ളത് കൊണ്ടാണെന്ന് ആർ.ജെ.ഡി നേതാവ് ഡോ. മുകേഷ് റോഷൻ എം.എൽ.എ പറഞ്ഞു.

Advertisement
Advertisement