നവ്ജോത് സിംഗ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ

Saturday 21 May 2022 12:11 AM IST

ന്യൂഡൽഹി: പാർക്കിംഗ് സംബന്ധിച്ച തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഒരു വർഷം തടവ് ശിക്ഷ ലഭിച്ച കോൺഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദു പട്യാല സെഷൻസ് കോടതിയിലെത്തി കീഴടങ്ങി. തുടർന്ന് സിദ്ദുവിനെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം പട്യാല സെൻട്രൽ ജയിലിലേക്കയച്ചു. അടിപിടിയിൽ ഗുർണാം സിംഗ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി വ്യാഴാഴ്ച സിദ്ദുവിനെ ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

എന്നാൽ തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിം‌ഗ്‌വി മുഖേന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് സിദ്ദു പട്യാല സെഷൻസ് കോടതിയിലെത്തി കീഴടങ്ങിയത്.

34 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി സിദ്ദുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2018ൽ ഇത് 1000രൂപ പിഴയിലൊതുക്കി സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് ഗുർണാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീംകോടതി 1000 രൂപ പിഴയോടൊപ്പം ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്.

Advertisement
Advertisement