കള്ളപ്പണം വെളുപ്പിക്കൽ കേസ്,​ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി ,​ ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

Friday 20 May 2022 10:14 PM IST

ന്യൂഡല്‍ഹി: ബംഗളുരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.

കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ഇ.ഡി വാദിച്ചു. വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വെളിപ്പെടുത്താൻ ബിനിീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു,

കേസിൽ നാലാംപ്രതിയാണ് ബിനീഷ്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. ബിനീഷിനെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാണ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂൺണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ബംഗളുരുവിലെ ഇ,ഡി ഡെപ്യൂട്ടി ഡയറക്‌ടറാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.