പുന്നോൽ ഹരിദാസൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഒന്നാംപ്രതി

Saturday 21 May 2022 3:00 AM IST

ഒളിയിടം ഒരുക്കിനൽകിയ അദ്ധ്യാപിക പതിനേഴാം പ്രതി

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിൽ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 17പേരെ പ്രതിചേർത്താണ് ന്യൂമാഹി പൊലീസ് ഇൻസ്‌പെക്ടർ വി.വി. ലതീഷ് കുറ്റപത്രം സമർപ്പിച്ചത്. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ. ലിജേഷ് ആണ് കേസിലെ ഒന്നാം പ്രതി.

കെ. ലിജേഷ് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി കുറ്റപത്രം പറയുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൃത്യം നിർവഹിക്കാൻ പ്രതികൾക്കു പ്രേരണയായത്. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തത്. 11പേർക്കെതിരേ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിലെ ഏഴാം പ്രതി നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ താമസസൗകര്യം ഒരുക്കി നൽകിയ അദ്ധ്യാപിക പി.എം രേഷ്മ 17ാംപ്രതിയാണ്. ഗൂഢാലോചന വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ആദ്യവെട്ട് ലിജേഷും പ്രജിയും ചേർന്ന്

ഒന്നാം പ്രതി കെ. ലിജേഷും രണ്ടാംപ്രതി പ്രിതീഷ് എന്ന മൾട്ടി പ്രജിയും ചേർന്നാണ് ആദ്യം കെ. ഹരിദാസിനെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. തുടർന്ന് മറ്റു നാലു പ്രതികളും ചേർന്ന് വടി വാളുകളും സ്റ്റീൽ പൈപ്പുകളും ഉപയോഗിച്ച് ക്രൂരമായി അക്രമിക്കുകയായിരുന്നു.

അക്രമത്തിനിടെ നാലാം പ്രതി നിഖിൽ എം. നമ്പ്യാർ ആണ് ഹരിദാസന്റെ കാൽ വെട്ടിമാറ്റിയത്. മൂന്നാം പ്രതി പി.കെ ദീപക്, നാലാം പ്രതി നിഖിൽ എം. നമ്പ്യാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. പന്ത്രണ്ടാം പ്രതി എം. സുനേശ്, 17ാം പ്രതി അദ്ധ്യാപികയായ പി.എം.രേഷ്മ എന്നിവർക്കു മാത്രമാണു കോടതി ജാമ്യം അനുവദിച്ചത്. 124 സാക്ഷി മൊഴികളാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 200
ഓളം തൊണ്ടി മുതലുകളും ശേഖരിച്ചു. 1500 ഓളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെയായിരുന്നു ഹരിദാസിനെ പ്രതികൾ ചേർന്ന് പുന്നോലിലെ വീടിനു മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

Advertisement
Advertisement