ഡോക്ടറുടെ പീഡനപരാതി: സി.ഐക്ക് 'രക്ഷ", പുതിയ നിയമനം

Saturday 21 May 2022 3:19 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡ‌ോക്‌ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസിൽ പ്രതിയായ സി.ഐ എ.വി. സൈജുവിനെ സസ്‌പെൻഡ് ചെയ്യാതെ പൊലീസിന്റെ കള്ളക്കളി. ഇന്നലെ സൈജുവിനെ മുല്ലപ്പെരിയാറിൽ നിയമിച്ച് ഡി.ജി.പിയുടെ ഉത്തരവിറങ്ങി.യുവതി പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കുകയായിരുന്നു. പീഡനക്കേസ് പ്രതിയെ പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്യുന്നതിൽ വിമർശനമുണ്ടായതോടെ സസ്‌പെൻഡ് ചെയ്യാൻ കാട്ടാക്കട ഡിവൈ.എസ്.പി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെയാണ് സി.ഐയെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിച്ചത്.സി.ഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ ഡോക്‌ടർ വെളിപ്പെടുത്തിയിരുന്നു. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സ‌സ്‌പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. അതിനിടെ സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്‌ടർക്കെതിരെ എതിർകേസെടുക്കാനും നീക്കമുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.

Advertisement
Advertisement