ലാലേട്ടൻ @ 62, പിറന്നാൾ ആഘോഷം മുംബയിൽ

Saturday 21 May 2022 12:10 AM IST

തിരുവനന്തപുരം: നടന വിസ്മയമായ മോഹൻലാലിന് ഇന്ന് 62. ഇന്നലെ ഖത്തറിലായിരുന്ന ലാൽ ജന്മദിനത്തിൽ മുംബയിലെത്തും. സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയിൽ. ജന്മനക്ഷത്രമായ ഇടവത്തിലെ രേവതി ഇത്തവണ 26നാണ്. അന്ന് വിവിധ ക്ഷേത്രങ്ങളിൽ പൂജ നടത്താൻ അമ്മ ശാന്തകുമാരി ഏർപ്പാട് ചെയ്തുകഴിഞ്ഞു. കൊച്ചിയിലെ വീട്ടിലാണ് അമ്മ.

ലാലേട്ടന്റെ പിറന്നാൾ ദിനം പതിവുപോലെ ആരാധകർ ആഘോഷമാക്കും. സർക്കാരിന്റെ 'മൃതസഞ്ജീവനി" പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകർ ഇന്ന് അവയവദാന സമ്മതപത്രം നൽകും. ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയൊരുക്കും.

തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 100 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും.

മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസി"ന്റെ അവസാനഘട്ട ജോലികൾക്കായി താരം അടുത്ത മാസം വിദേശത്തേക്കു പോകും. ഇന്നലെ ഒ.ടി.ടിയിൽ റിലീസ് ചെയ്ത ലാൽ സിനിമ 'ട്വൽത്ത് മാൻ' നേടിയത് മികച്ച പ്രതികരണം.

''എല്ലാ ലോകവും മാറുമെന്നല്ലേ പറയുന്നത്. പലരും നമ്മെ വിട്ടുപോയി. അതിൽ വലിയവരും ചെറിയവരുമെല്ലാമുണ്ടായിരുന്നു. ഓരോരുത്തരും മാറിയിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ ലോകവും മാറുമായിരിക്കും. കൊവിഡ് കാലത്ത് 9 മാസത്തോളം വീട്ടിലിരുന്ന ശേഷം കാമറയ്ക്കു മുന്നിൽ ആക്‌ഷൻ എന്ന ശബ്ദം കേട്ടതും ഞാൻ പഴയതെല്ലാം മറന്നുവെന്നതാണ് സത്യം. അതല്ലേ, സത്യത്തിൽ ഓരോരുത്തരുടെയും ജീവിതം?''-

മോഹൻലാൽ

Advertisement
Advertisement