ഞാൻ ഗായകനായത് പരമു അണ്ണന്റെ നല്ല മനസ് : പി.ജയചന്ദ്രൻ

Saturday 21 May 2022 12:28 AM IST

തൃശൂർ: ഒരു ഗായകനായി ഞാൻ ഇന്നു ജീവിക്കുന്നതിനു കാരണം പരമു അണ്ണന്റെ നല്ല മനസ്. പാട്ട് പാടാൻ സ്റ്റുഡിയോയിൽ എത്തി പാടാനാകാതെ പകച്ച് ഞാൻ വീട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസം വീട്ടിൽ ഒളിച്ചിരുന്ന എന്നെ വീണ്ടും സ്റ്റുഡിയോയിൽ എത്തിച്ചത് പരമു അണ്ണന്റെ നല്ല മനമാണ് ' ശോഭന പരമേശ്വരൻ നായരുടെ പതിമൂന്നാം ചരമവാർഷിക സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജയചന്ദ്രൻ.

പാലിയം ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ, പരമേശ്വരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ എന്നിവർ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയെ ഭാരതപ്പുഴയിലേക്ക് കൊണ്ടുവന്നത് പരമു അണ്ണനാണ് ജയചന്ദ്രൻ പറഞ്ഞു. മലയാള സിനിമയിൽ ശോഭന പരമേശ്വരൻ നായർ നടത്തിയ മാറ്റങ്ങൾ പുതിയ തലമുറ പഠിക്കണമെന്ന് വിദ്യാധരൻ മാസ്റ്റർ പറഞ്ഞു.

എം.ടി വാസുദേവൻ നായരെ പോലെയുള്ള മഹാനായ എഴുത്തുകാരനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് പരമു അണ്ണനാണെന്നും വിദ്യാധരൻ മാസ്റ്റർ അനുസ്മരിച്ചു. ചടങ്ങിൽ ഭരതൻ സ്മൃതി വേദി ചെയർമാൻ ഷോഗൺ രാജ്, ഷിബു ടുളിപ്‌സ്, സി. വേണുഗോപാൽ, അഡ്വ. ഇ. രാജൻ അനിൽ വാസുദേവ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement