യു.എസിന്റെ ആകാശത്ത് വട്ടമിടുന്ന അജ്ഞാത വസ്തുക്കൾ: പിന്നിൽ റഷ്യയോ ? അതോ ചൈനയോ ?

Saturday 21 May 2022 3:32 AM IST

വാഷിംഗ്ടൺ : തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് പൊതുവെ പറക്കും തളികകൾ അഥവാ യു.എഫ്.ഒകൾ (Unidentified flying objects - UFOs) എന്നറിയപ്പെടുന്നത്. പറക്കുംതളികകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ വെറും സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു.

പറക്കുംതളികകളുടെ സാന്നിദ്ധ്യം സംബന്ധിച്ച അവിശ്വസനീയ റിപ്പോർട്ടുകൾ പുറത്തുവിട്ട് വാർത്തകളിൽ നിറയുന്ന രാജ്യമാണ് അമേരിക്ക. അടുത്തിടെ യു.എസ് കോൺഗ്രസിൽ അരനൂറ്റാണ്ടിന് ശേഷം ആദ്യമായി യു.എഫ്.ഒകളെ പറ്റി പബ്ലിക് ഹിയറിംഗ് നടത്തിയിരുന്നു. യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ യു.എഫ്.ഒകളെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ 20 വർഷത്തിനിടെ ആകാശത്ത് യു.എഫ്.ഒകളെ കണ്ടെന്ന റിപ്പോർട്ടുകൾ വർദ്ധിച്ചതായി യു.എസ് നേവൽ ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ സ്കോട്ട് ബ്രേ പറയുന്നു. സൈനിക പരിശീലന കേന്ദ്രങ്ങൾക്ക് സമീപവും മറ്റ് വ്യോമാതിർത്തികളിലും ഇത്തരം റിപ്പോർട്ടുകൾ കൂടുന്നു. അതേ സമയം, യു.എഫ്.ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമൊന്നുമില്ലെന്ന് പെന്റഗൺ മനസിലാക്കിയെന്നും എന്നാൽ അവ ശരിക്കും എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആകാശത്ത് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യത്തിന് തെളിവില്ലെന്ന് ആവർത്തിക്കുമ്പോഴും യു.എസ് നേവി പൈലറ്റുമാർ ആകാശത്ത് കണ്ടെന്ന് പറയുന്ന അജ്ഞാത പേടകങ്ങൾക്ക് വിശദീകരണമില്ലെന്നും അധികൃതർ സമ്മതിക്കുന്നു.

അതേ സമയം, ആകാശത്തെ അജ്ഞാത വസ്തുക്കൾക്ക് പിന്നിൽ ചൈനയോ റഷ്യയോ ആകാമെന്ന പ്രചാരണങ്ങളുമുണ്ട്. യു.എസിന്റെ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കാനുള്ള അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നാണ് ഒരു വിഭാഗം പറയുന്നത്.

അതേ സമയം,​ മരീചിക പോലുള്ള മിഥ്യാധാരണയോ പക്ഷികളോ ആകാം റഡാർ സംവിധാനങ്ങളിൽ കാണുന്ന അജ്ഞാത വസ്തുക്കളെന്നും ചിലർ വാദിക്കുന്നു. ഏതായാലും യു.എഫ്.ഒകൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഭീഷണിയാണെന്ന് വിലയിരുത്തുന്ന യു.എസ് അവയുടെ ചുരുളഴിക്കാനുള്ള ശ്രമങ്ങളിലാണത്രെ.

Advertisement
Advertisement