കോഫിയ്ക്ക് ' തൊട്ടാൽ പൊള്ളുന്ന" വില ! പിന്നാലെ, പൊലീസിന്റെ വക പിഴ

Saturday 21 May 2022 3:34 AM IST

റോം : ഒരു കപ്പ് കോഫിയുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഫ്ലോറൻസിൽ സ്ഥിതി ചെയ്യുന്ന ഡിറ്റ ആർട്ടിജിയാനലെ എന്ന കഫേ. ഇവിടെ കോഫി കുടിയ്ക്കാനെത്തിയ കസ്റ്റമർ അമിത വിലയുടെ പേരിൽ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

2.01 ഡോളറാണ് കസ്റ്റമറിൽ നിന്ന് കോഫിയ്ക്ക് കഫേ ഈടാക്കിയത്. എന്നാൽ, കൗണ്ടറിൽ വില പ്രദർശിപ്പിച്ചിരുന്നില്ലെന്നും അമിത വില ഇടാക്കിയെന്നും കാട്ടി പരാതി ഉയർന്നതിന് പിന്നാലെ 1,048 ഡോളർ കഫേയ്ക്ക് പിഴ ചുമത്തുകയായിരുന്നു.

മെക്സിക്കൻ തോട്ടങ്ങളിൽ നിന്നെത്തിച്ച കാപ്പിക്കുരുക്കളിൽ നിന്ന് അതിവിദഗ്ദ്ധരുടെ നേതൃത്വത്തിൽ ശ്രദ്ധയോടെ തയാറാക്കുന്ന എസ്പ്രെസോ ( ഒരു തരം കോഫി ) ആയിരുന്നു അതെന്ന് കഫേ പറയുന്നു. ഇറ്റലിയിൽ എസ്പ്രെസോയ്ക്ക് ഏകദേശം 1.05 ഡോളർ വരെയാണ് സാധാരണ ഈടാക്കുന്നത്. എന്നാൽ, നിരവധി സ്ഥാപനങ്ങൾ ഈ വർഷം ഇവയുടെ വില ഉയർത്തിയിരുന്നു.

ഏതായാലും പിഴയടയ്ക്കാൻ തയാറാണെന്ന് അറിയിച്ചെങ്കിലും തങ്ങളുടെ കമ്പ്യൂട്ടറൈസ്ഡ് മെനുവിൽ വില പ്രദർശിപ്പിച്ചിരുന്നെന്ന് കഫേ അധികൃതർ പറയുന്നു. ഇറ്റലിയിൽ അറിയപ്പെടുന്ന കോഫി ബാറുകളിലൊന്നാണ് ഡിറ്റ ആർട്ടിജിയാനലെ.

Advertisement
Advertisement