'ഏത് രാജ്യത്തേക്ക് കടന്നാലും നാട്ടിലെത്തിക്കാൻ തടസമില്ല, നിയമത്തെ വെല്ലുവിളിക്കാൻ നിന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും'; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പൊലീസ്

Saturday 21 May 2022 7:21 AM IST

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജ് പറഞ്ഞു.

കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ‌്‌പോർട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയം വഴി ജോർജി​യൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നിയമത്തെ വെല്ലുവിളിക്കാൻ നിന്നാൽ നടന് ബുദ്ധിമുട്ടാവുമെന്നും കമ്മിഷണർ മുന്നറിയിപ്പ് നൽകി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പത്തൊൻപതിന് ഹാജരാകാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും വന്നില്ല. അതിനാലാണ് പാസ്‌പോർട്ട് റദ്ദാക്കിയത്. ഇനി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാവും. ഹാജരായി പറയാനുള്ളത് പറയുക. അത് ചെയ്യുന്നില്ല. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അയാൾ ഈ നാട്ടുകാരനാണ്. ഇങ്ങനെ എത്രനാൾ പോകും. ഇവിടെ വരുന്നതാണ് യുക്തി. '- പൊലീസ് കമ്മിഷണർ പറഞ്ഞു. ഈ മാസം 24നകം ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.