ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ കൊല്ലം ബീച്ചിലേക്ക് ഷെഫീഖ് വിളിച്ച് വരുത്തിയത് ദുരുദ്ദേശത്തോടെ, പലതവണയായി പണവും സ്വർണവും തട്ടിയെടുത്ത യുവാവ് പിടിയിൽ
Saturday 21 May 2022 9:56 AM IST
കൊല്ലം: ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വർണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്ത യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ അയത്തിൽ കാരുണ്യനഗർ 76, തടവിള വീട്ടിൽ ഷെഫീക്ക് (31) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി നിരന്തരം ചാറ്റിംഗിൽ ഏർപ്പെട്ട ഇയാൾ പരിചയം മുതലെടുത്ത് കൊല്ലം ബീച്ചിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഫോണിലെ ചാറ്റിംഗ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അപഹരണം നടത്തിയത്. പെൺകുട്ടി മാതാവിനോടൊപ്പം ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കേസിൽ പ്രതിയെ അയത്തിൽ നിന്നു പിടികൂടുകയായിരുന്നു.