ദീർഘ വീക്ഷണമുള്ള നേതാവ്, ദയയും അനുകമ്പയുമുള്ള മനുഷ്യൻ; രാജീവ് ഗാന്ധിയുടെ 31-ാമത് ചരമ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നേതാക്കൾ

Saturday 21 May 2022 10:15 AM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാമത് ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ ‘വീര്‍ ഭൂമി' യിലെത്തി പത്നി സോണിയ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും ആദരാഞ്‌‌ജലികൾ അർപ്പിച്ചു.

തന്റെ പിതാവ് ദീർഘ വീക്ഷണമുള്ള നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ നയങ്ങൾ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചുവെന്നും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'എന്റെ പിതാവ് ദയയും അനുകമ്പയുമുള്ള മനുഷ്യനായിരുന്നു. ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം ഞങ്ങളെ പഠിപ്പിച്ച അദ്ദേഹം എനിക്കും പ്രിയങ്കയ്ക്കും ഒരു വിസ്മയജനകമായ പിതാവായിരുന്നു. ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ച സമയത്തെക്കുറിച്ച് ഞാൻ സ്‌നേഹത്തോടെ ഓർക്കുന്നു' - രാഹുൽ ട്വീറ്റ് ചെയ്‌തു.

കോൺഗ്രസ് നേതാക്കളായ പി ചിദംബരവും സച്ചിൻ പൈലറ്റും അടക്കമുള്ള പ്രമുഖരും മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇ യുടെ ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. യമുനാ നദിയുടെ തീരത്തുള്ള വീർ ഭൂമിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.