'ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്' പിറന്നാളാശംസകളുമായി ഷിബു ബേബി ജോൺ
ഇന്ന് മഹാനടൻ മോഹൻലാലിന്റെ അറുപത്തിരണ്ടാം ജന്മദിനമാണ്. പ്രിയതാരത്തിന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലൂടെയും മറ്റും സിനിമാ താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിക്കുന്നത്. അക്കൂട്ടത്തിൽ മുൻമന്ത്രി ഷിബു ബേബി ജോണുമുണ്ട്.
മോഹൻലാലിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഷിബു ബേബി ജോൺ. നടന വിസ്മയത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്ന് അദ്ദേഹം കുറിച്ചു.
"35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന്, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ."- എന്നാണ് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.