ചോക്‌സിയെ വിട്ടുകിട്ടാനുള‌ള സിബിഐയുടെ ശ്രമത്തിന് തിരിച്ചടി; അനധികൃതമായി രാജ്യത്ത് എത്തിയയാളല്ലെന്ന് ഡൊമിനിക്കൻ സർക്കാർ

Saturday 21 May 2022 11:47 AM IST

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും ശതകോടികൾ വായ്‌പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ വിട്ടുകിട്ടാനുള‌ള ഇന്ത്യൻ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. അനധികൃതമായി രാജ്യത്ത് ചോക്‌സി പ്രവേശിച്ചു എന്ന കേസ് ഡൊമിനിക്ക പിൻവലിച്ചു. ഇന്ത്യയിലേക്ക് ചോക്‌സിയെ എത്തിക്കാൻ ശ്രമം നടത്തുന്ന സിബിഐയ്‌ക്ക് ഇത് വലിയ തിരിച്ചടിയാണ്.

2021 മേയ് 24ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് ചോക്‌സിക്കെതിരെ ഡൊമിനിക്കൻ സ‌ർക്കാർ കേസെടുത്തത്. ഈ കേസ് നടപടികൾ അവസാനിപ്പിക്കുകയാണെന്ന് മേയ് 17ന് ഡൊമിനിക്കൻ പബ്ളിക് പ്രോസിക്യൂഷൻ ഡയറക്‌‌ടർ കോടതിയ്‌ക്ക് കത്ത് നൽകി. 2017ൽ പഞ്ചാബ് നാഷണൽ ബാങ്കിലെ 13000 കോടിയുടെ തട്ടിപ്പിൽ പിടിയിലാകും മുൻപ് രാജ്യം വിട്ട ചോക്‌സി ആന്റിഗ്വയിലാണ് ആദ്യമെത്തിയത്. പിന്നീട് ഇവിടെ നിന്നും ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കൻ റിപബ്ളിക്കിൽ വച്ച് പിടിയിലായി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ഇയാൾ പിടിയിലായത്.

തന്നെ ഇന്ത്യൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ഈ സമയം ചോക്‌സി ആരോപിച്ചു. കേസിൽ ചോക്‌സിയെ രാജ്യത്ത് നിന്നും പുറത്താക്കി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു സിബിഐ ശ്രമം. അനധികൃതമായി ചോക്‌സി പ്രവേശിച്ചിട്ടില്ലെന്ന് ഡൊമിനിക്കൻ സർക്കാർ പറയുന്നതിലൂടെ ഈ ശ്രമത്തിന് തിരിച്ചടിയുണ്ടായിരിക്കുകയാണ്. ചോക്‌സിക്കൊപ്പം പിഎൻ‌ബി തട്ടിപ്പിൽ പങ്കുള‌ള നീരവ് മോദി നിലവിൽ ബ്രിട്ടണിൽ തടവിലാണ്. മോദിയെയും ഇന്ത്യയിലെത്തിച്ച് വിചാരണയ്‌ക്ക് വിധേയനാക്കാൻ ഇന്ത്യ ശ്രമം തുടരുകയാണ്.

Advertisement
Advertisement