പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നത് ആരാണെന്നറിയാൻ ഇനി ട്രൂകോളർ വേണ്ട, സുതാര്യമായ പുത്തൻ മാർഗവുമായി ട്രായ്

Saturday 21 May 2022 2:21 PM IST

പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നത് പതിവാകുമ്പോൾ ട്രൂകോളർ പോലുള്ള ആപ്പുകളെ ആശ്രയിക്കുന്നവരാണ് ഏറെയും. എന്നാൽ പലരും ഇത്തരം കോളർ ഐഡന്റിഫിക്കേഷൻ ആപ്പുകൾ ഉപയോഗിക്കുന്നതിനോട് വിമുഖത കാട്ടാറുണ്ട്. ഇപ്പോഴിതാ കോളർ ഐ.ഡി ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വിളിച്ചത് ആരാണെന്ന് അറിയാനുള്ള മാർഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ).

ആളുകൾ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് ട്രായ് നടപ്പിലാക്കാൻ പോകുന്നത്. സ്പാം, ഫ്രോഡ് കോളുകള്‍ എന്നില ഫോണിലേക്ക് വരുമ്പോള്‍ ഈ പുതിയ സംവിധാനത്തിലൂടെ സേവ് ചെയ്യാത്ത നമ്പരാണെങ്കില്‍ വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനില്‍ തെളിയും. കോളർ ഐ.ഡി വെളിവാക്കുന്ന മറ്റ് ആപ്പുകളെക്കാളും സുതാര്യതയും ഇവർ ഉറപ്പ് നൽകുന്നു.

കെ.വൈ.സി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഈ സാങ്കേതിക വിദ്യ സാദ്ധ്യമാകുന്ന വേഗത്തിൽ പൂർത്തിയാക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്യം. സ്പാം കോളുകളും സന്ദേശങ്ങളും തടയാനായി ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും ട്രായ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ട്രായ്‌യുടെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. സ്പാം, സ്‌കാം കോളുകള്‍ തടയാന്‍ നമ്പര്‍ തിരിച്ചറിയല്‍ നിര്‍ണായകമാണെന്നും കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങളിതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും വക്താവ് പറഞ്ഞു. ട്രായിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതായും പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement