'തൃക്കാക്കരയിൽ ജാതി തിരിച്ച് മന്ത്രിമാർ വോട്ട് ചോദിക്കുന്നു', സർക്കാർ ശ്രമം കേരളത്തിന് അപമാനകരമെന്ന് തിരുവഞ്ചൂർ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. തൃക്കാക്കരയിൽ എൽഡിഎഫ് മന്ത്രിമാർ ജാതി തിരിച്ച് വോട്ട് ചോദിക്കുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. 'എൽഡിഎഫ് മന്ത്രിമാർക്ക് വോട്ട് ചോദിച്ച് ഏത് വീടുകളിൽ വേണമെങ്കിലും കയറാം. എന്നാൽ ഒരു വിഭാഗം ജനങ്ങൾ കൂടുതൽ താമസിക്കുന്ന ഒരു റോഡിൽ പത്ത് വീടുകളിൽ ഒരു മന്ത്രി വന്ന് വോട്ട് ചോദിക്കുന്നു. മറുഭാഗത്ത് പോകുന്നില്ല. അവിടെ മറ്റ് വിഭാഗക്കാരെ കാണാൻ മറ്റൊരാളെ ഏർപ്പെടുത്തുന്നു.' തിരുവഞ്ചൂർ പറഞ്ഞു.
കേരളത്തെ ഔദ്യോഗികമായി ജാതി തിരിക്കാനുളള പരിശ്രമമാണ് സർക്കാർ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മന്ത്രിമാരുടെ നടപടി കേരളം ഒരിക്കലും ഉൾക്കൊളളില്ലെന്നും പറഞ്ഞു. ഈ മന്ത്രിമാർ കേരളത്തിന് അപമാനമാണ്. ഇതിന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും തിരുവഞ്ചൂർ അറിയിച്ചു.
മന്ത്രിമാർ ഉൾപ്പെടെ സംസ്ഥാന നേതാക്കളുടെ വൻസംഘത്തെയാണ് കഴിഞ്ഞദിവസം എൽ.ഡി.എഫ് പ്രചാരണത്തിനിറക്കിയത്. ഭവനസന്ദർശനത്തിനും കുടുംബയോഗങ്ങൾക്കും മന്ത്രിമാരും നേതാക്കളുമുണ്ട്.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ. രാജൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.ടി. ജലീൽ, എ.കെ. ബാലൻ, തോമസ് ഐസക്, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങിയവർ പൂർണസമയം പ്രചാരണം നടത്തി.