മുതിർന്ന അകാലി നേതാവ് ടോട്ട സിംഗ് അന്തരിച്ചു
അമൃത്സർ: മുതിർന്ന ശിരോമണി അകാലി ദൾ നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ടോട്ട സിംഗ് (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പഞ്ചാബിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മരിച്ചത്. 1997ൽ ആദ്യമായി ജന്മദേശമായ മോഗയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അകാലി സർക്കാർ അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. അകാലി ദളിന്റെ വൈസ് പ്രസിഡന്റ്, കോർ കമ്മിറ്റി അംഗം, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002ൽ മോഗയിൽ വീണ്ടും വിജയിച്ചെങ്കിലും 2007ൽ പരാജയപ്പെട്ടു. ധരംകോട്ടിൽ നിന്ന് 2012ൽ നിയമസഭയിൽ എത്തിയ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി. എന്നാൽ, 2017ലും ഈ വർഷവും അദ്ദേഹം പരാജയപ്പെട്ടു. സംസ്കാരം 24ന് മോഗയിൽ നടക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് സിംഗ് മാൻ, അകാലി ദൾ നേതാവ് സുഖ്‌വീർ സിംഗ് ബാദൽ എന്നിവരടക്കം അനുശോചനം അറിയിച്ചു.