മുൻകൂർ ജാമ്യം തള‌ളിയതിന് പിന്നാലെ പി സി ജോർജിന്റെ വീട്ടിൽ പൊലീസ് പരിശോധന; അറസ്‌റ്റ് പിന്നീടെന്ന് സൂചന

Saturday 21 May 2022 5:52 PM IST

കൊച്ചി: വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ മുൻകൂർജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തള‌ളിയെങ്കിലും അറസ്‌റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന. അതേസമയം ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. കൊച്ചി ഡിസിപിയായ വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന. പനങ്ങാട് സി.ഐയും പൊലീസ് സംഘത്തിലുണ്ടെന്നാണ് വിവരം. ജോർജിന്റെ വീടിന് പുറമെ സമീപത്തുള‌ള സഹോദരന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇപ്പോൾ പി.സി ജോർജ് വീട്ടിലില്ല.

പി.സി ജോർജിന്റെ പ്രസംഗം പരിശോധിച്ചതായും മതസ്‌പർദ്ധയുണ്ടാക്കാനും സാമുദായിക ഐക്യം തകർക്കാൻ കാരണമാകുന്നതാണെന്നും എറണാകുളം ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. 152 എ, 295 എ വകുപ്പുകൾ ചുമത്തിയത് അനാവശ്യമെന്ന് പറയാനാകില്ലെന്നും മുൻകൂർ ജാമ്യം തള‌ളിയുള‌ള വിധിയിൽ കോടതി അറിയിച്ചു.

തിരുവനന്തപുരത്തെ പ്രകോപന പ്രസംഗം സംബന്ധിച്ച് കേസിൽ തിരുവനന്തപുരം കോടതിയുടെ വിധി വന്നശേഷമേ ജോർജിന്റെ അറസ്‌റ്റുണ്ടാകൂ. നിലവിൽ അന്വേഷണം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. മുൻകൂർ ജാമ്യം തള‌ളിയതിന് പിന്നാലെ പി.സി ജോർജ് ഒളിവിലാണെന്ന് സൂചനകളുണ്ട്. ജോർജിന്റെ ഫോണുകൾ വീട്ടിൽതന്നെയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്.